സിയോൾ: യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന സെെനിക യൂണിവേഴ്സിറ്റിയായ കിം ജോങ് – ഇൽ യൂണിവേഴ്‌സിറ്റിയിൽ കിം സന്ദർശനം നടത്തിയതായി അന്തർ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഓഫീസർ മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധോപകരണങ്ങൾ അടക്കം തയ്യാറാക്കി വെക്കാൻ കിം നിർദേശം നൽകിയതായാണ് വിവരം.

‘ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം . ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇത്, നിങ്ങൾ എപ്പോഴും അതിന് തയ്യാറായിരിക്കണം, കീം സൈനികരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
കുറച്ച് കാലമായി ആയുധ സംഭരണത്തിനാണ് കിം കൂടുതൽ ഊർജ്ജവും പണവും ചെലവഴിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റഷ്യയുമായി അടുക്കാനുള്ള ശ്രമവും കിം ബോധപൂർവ്വം നടത്തിയിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസെെലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഒരു മാസത്തിന് മുൻപ് ഹെെപ്പർസോണിക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസെെൽ കിമ്മിന്റെ നേതൃത്വത്തിൽ പരീക്ഷിച്ചിരുന്നു.