Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരുമഴയിൽ മുങ്ങുന്ന നഗരമായിമാറിയ കൊച്ചി; ദുരിതക്കയത്തില്‍ ജനങ്ങള്‍


കൊച്ചി: നനഞ്ഞു കുതിർന്ന കിടക്കകളും സോഫകളും…ചെളിയിൽ പുതഞ്ഞ കംപ്യൂട്ടറുകൾ…ആകെ മുങ്ങിയ കാറുകൾ ടോവിങ് വാഹനങ്ങളിൽ കെട്ടിവലിച്ച് നന്നാക്കാൻ കൊണ്ടുപോകുന്നു… വെള്ളം കയറിയ ബൈക്കുകളും സ്‌കൂട്ടറുകളും അനക്കമറ്റിരിക്കുന്നു. കരച്ചിലിന്റെ വക്കിലിരുന്ന് മൂലേപ്പാടത്തുകാർ വീടുകൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. നോക്കിയിരിക്കെ വീണ്ടും മഴ വന്നു…വീണ്ടും വെള്ളമിരച്ചെത്തി…കളമശ്ശേരി മൂലേപ്പാടം കൊച്ചിയുടെ പ്രളയ ഹോട്ട്‌സ്‌പോട്ട് ആയി മാറുകയാണ്.

കഴുത്തറ്റമായിരുന്നു വെള്ളം…സ്‌കൂട്ടറൊന്നും കാണാനുണ്ടായിരുന്നില്ല….’ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ആർ. വിമൽ കഴുത്തിൽ കൈമുട്ടിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി. മറുകൈയിൽ കുഞ്ഞിനെ എടുത്തിട്ടുണ്ട്. ‘ഞാൻ മുകളിലാണ് വാടകയ്ക്ക് താമസിക്കുന്നത്…താഴെ മതിലൊന്നും കാണുന്നതേയില്ലായിരുന്നു. ഷോക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധനങ്ങളെടുത്ത് മാറ്റുന്നതിനിടെ അപ്പുറത്തെ വീട്ടിലെ പെൺകുട്ടി വീണ് കൈയൊടിഞ്ഞു….പ്രമേഹം കൂടിയ ഒരു സ്ത്രീയെ എങ്ങനെയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി…’

മൂലേപ്പാടത്ത് ഫ്ലാറ്റുകൾ ഉൾപ്പെടെ 285 വീടുകളാണുള്ളത്. ഇതിൽ നൂറ്റിയൻപതോളം വീടുകളിലും വെള്ളം കയറി. എല്ലാ വീടുകളിലെയും കാറുകളെല്ലാം മുങ്ങി, ബുധനാഴ്ച ഓരോന്നായി സർവീസ് സെന്ററുകാരെത്തി ടോവിങ് വാഹനങ്ങളിൽ കെട്ടിവലിച്ചു കൊണ്ടുപോയി. മൂന്ന് ലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ നഷ്ടമുണ്ടായ വീടുകളുണ്ട്.

‘എല്ലാം മുങ്ങി, അപ്പുറത്തെ വീടിന്റെ മുന്നിൽ കൊണ്ടുപോയി ഇട്ടിരിക്കുകയായിരുന്നു. ഇതൊക്കെ കളയാം എന്നല്ലാതെ എന്താ ചെയ്യാ..’ ചെളിയിൽ മുങ്ങിയ കംപ്യൂട്ടറും കീബോർഡുമായി വന്ന ജൂലി കരച്ചിലിന്റെ വക്കിലായിരുന്നു.

മഴയിൽ മുങ്ങിപ്പോയ കല്യാണ ആൽബമെടുത്ത് ഉണക്കാൻ വയ്ക്കുകയായിരുന്നു കയർ ബോർഡിൽ നിന്നും വിരമിച്ച ആലീസ്. രാവിലെ വെയിൽ കണ്ടപ്പോഴാണ് വീട്ടുകാരെല്ലാം വൃത്തിയാക്കലിലേക്ക് കടന്നത്. പക്ഷേ, അതിന് അൽപായുസേയുണ്ടായിരുന്നുള്ളു. വൃത്തിയാക്കി വൈകുന്നേരമായപ്പോൾ വീണ്ടും മഴയെത്തി. രണ്ടുനിലകളുള്ളവരെല്ലാം വീണ്ടും മുകൾ നിലയിലേക്ക് മാറി. ചിലർ വീടുകളുപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മാറി. രാത്രിയോടെ വെള്ളം കയറിയ വീടുകളിലുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.

ജില്ലയിൽ പെയ്തിറങ്ങി ദുരിതം

കൊച്ചി: തുടർച്ചയായ രണ്ടാംദിവസവും കനത്ത മഴയെത്തുടർന്ന് ജില്ല വെള്ളത്തിലായി. ബുധനാഴ്ച വൈകീട്ടുപെയ്ത മഴയിൽ ജില്ലയിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലായി. കളമശ്ശേരി മൂലേപ്പാടം, കാക്കനാട് ഇൻഫോപാർക്ക്, ഇടപ്പള്ളി, പാലാരിവട്ടം, ഇടപ്പള്ളി ടോൾ ജങ്ഷൻ, ഉണിച്ചിറ, ഇടപ്പള്ളി ലുലുമാളിന് മുൻവശം, പോണേക്കര, ഇടപ്പള്ളി ഹൈസ്കൂൾ ജങ്ഷൻ, ഇടപ്പള്ളിമഠം ജങ്ഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളും കൊച്ചി നഗരത്തിലെ ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. പറവൂർ, അരൂർ, വാഴക്കുളം, പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമായി.

കൂടുതൽ മഴ പറവൂരിൽ

നോർത്ത് പറവൂരിൽ 112 മില്ലി ലിറ്റർ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ദേശീയപാതയുടെ പണിനടക്കുന്നിടത്ത് വെള്ളക്കെട്ട് അതിരൂക്ഷമായി. ഏതാനും കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പറവൂർ താലൂക്കിൽ പെരുമ്പടന്നയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ കണ്ണൻകുളങ്ങര ഗവൺമെന്റ് എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മുനമ്പംകവല, പെരുമ്പടന്ന, കോടതിക്കുമുൻപിലെ മെയിൻ റോഡ് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുണ്ടായി. ചൂണ്ടിയിൽ 92 മില്ലി ലിറ്റർ, കളമശ്ശേരിയിൽ 87 മില്ലി ലിറ്റർ, മട്ടാഞ്ചേരി 27, പള്ളുരുത്തി 19 എന്നിങ്ങനെയായിരുന്നു മഴയുടെ അളവ്.

മഴക്കെടുതികൾ

ഏറ്റവുമധികം മഴക്കെടുതികൾ ഉണ്ടായത് കളമശ്ശേരിയിലാണ്. കളമശ്ശേരി മൂലേപ്പാടത്തുൾപ്പെടെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളംകയറി. 400-ലധികം വീടുകളിലാണ് വെള്ളം കയറിയത്. കാക്കനാട് പടമുകളിൽ വീടിന്റെ ചുറ്റുമതിൽ തകർന്ന് കാർ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു. കാക്കനാടുഭാഗത്ത് വീട്ടിൽ വെള്ളം കയറിയതിനേത്തുടർന്ന് അഞ്ചുപേരെ മാറ്റിപ്പാർപ്പിച്ചു. എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കീരേലിമല നിവാസികളാണ് ക്യാമ്പിലുള്ളത്.

ശക്തമായ കാറ്റിൽ വാഴക്കുളം മണിയന്തടം കുളമാവുംതൊട്ടി മരുതുങ്കൽ കൃഷ്ണൻകുട്ടിയുടെ വീട് പൂർണമായും തകർന്നു. നായരമ്പലം പഞ്ചായത്ത് വാർഡ് 14-ൽ മംഗലശ്ശേരിയിൽ ലളിത ശങ്കരനാരായണന്റെ വീടിനുമുകളിൽ തെങ്ങുവീണ് ഭാഗികമായി തകർന്നു.

ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലം

വെള്ളക്കെട്ടുകാരണം ഗതാഗതം സ്തംഭിച്ചതിനേത്തുടർന്ന് ദേശീയപാത നിശ്ചലമായി. നടന്നുപോകാൻ പോലും സാധിക്കാത്തരീതിയിൽ റോഡുകൾ വെള്ളത്തിനടിയിലായി. പാലാരിവട്ടത്തുണ്ടായ വെള്ളക്കെട്ടിനേത്തുടർന്ന് ആംബുലൻസ് ഗതാഗതക്കുരുക്കിൽ പെട്ടു. അരൂർ-തുറവൂർ ദേശീയപാതയിൽ ചന്തിരൂരിനുസമീപം ലോറി താഴ്ന്നതിനേത്തുടർന്ന് 3 മണിക്കൂർ ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മെഡിക്കൽ കോളേജ് ജങ്ഷനിലും, പുത്തൻകുരിശ് ജങ്ഷനിലും വെള്ളക്കെട്ടുമൂലം ഗതാഗതം തടസ്സപ്പെട്ടു.

കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. എല്ലാ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഏത് സാഹചര്യവും നേരിടാൻ 24 മണിക്കൂറും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, ഫയർഫോഴ്‌സ് എന്നിവ സജ്ജമാണ്.

കാലാവസ്ഥ മോശമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കളക്ടർ അറിയിച്ചു. തമ്മനം ശാന്തിപുരം കോളനിയിലെ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽനിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റും. കുന്നുംപുറം ഇടപ്പള്ളി നോർത്തിലും ക്യാമ്പ് ആരംഭിക്കും. തൃക്കാക്കര നോർത്തിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. 16 പേരാണ് ഈ ക്യാമ്പിലുള്ളത്.

മൂലേപ്പാടം മുങ്ങുന്നു

ദേശീയപാതയിൽ ടി.വി.എസ്. സിഗ്നൽ ഭാഗത്ത് നിന്നുള്ള വെള്ളം വലിയതോതിൽ മൂലേപ്പാടത്ത് എത്തി അവിടെ നിന്നാണ് മുട്ടാർ പുഴയിലേക്ക് പോകുന്നത്. ഇതിനിടയിൽ എവിടെയൊക്കെയോ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പറയുന്നത് എച്ച്.എം.ടി., കൊച്ചി സർവകലാശാല എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളം വരുന്നുണ്ടെന്നാണ്.

സ്ഥിരമായി വെള്ളം കെട്ടുന്ന പ്രദേശമെന്നതിൽ നിന്നും മൂലേപ്പാടം മുഴുവൻ മഴയിൽ മുങ്ങുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ദേശീയപാതയ്ക്കരികിലെ നിർമാണങ്ങളുൾപ്പെടെ ഇതിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

തോടുകൾക്കും കാനകൾക്കും ആഴമില്ല, മുങ്ങുന്ന നഗരമായി കൊച്ചി

ഒരു മഴയിൽ മുങ്ങുന്ന നഗരമായി കൊച്ചി മാറുന്നു… വേലിയേറ്റവും വേലിയിറക്കവും മഴയുടെ അളവും പറഞ്ഞ് തടിതപ്പാമെങ്കിലും വേറെയും കാരണങ്ങളുണ്ട്. കൊച്ചി നഗരം വികസിക്കുന്നതനുസരിച്ച് ഓടകളും കനാലുകളും ചെറുതാവുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ പെയ്യുമ്പോൾ ആ വെള്ളത്തെ ഉൾക്കൊള്ളാനുള്ള ശേഷി ഇപ്പോഴത്തെ ഓടകൾക്കും കനാലുകൾക്കുമില്ല. വീതിയും ആഴവും കൂട്ടി പുനർ നിർമിക്കുകയാണ് ഏകമാർഗം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ മഴക്കാലപൂർവ ശുചീകരണം വൈകി. ശുചീകരണം തുടങ്ങിയപ്പോഴേക്കും മഴ എത്തിക്കഴിഞ്ഞു. നേരത്തേ മഴ വന്നു എന്ന് കാരണം പറയാമെങ്കിലും മേയ് ആദ്യവാരം തന്നെ മഴക്കാലപൂർവ ശുചീകരണം തുടങ്ങേണ്ടതായിരുന്നു. പ്രധാന തോടുകളിൽ പലതിലും പേരിന് ശുചീകരണം നടത്തിയെന്ന് വരുത്തി തീർത്തിരിക്കുകയാണ്. കാനകളിൽ നല്ലൊരു ശതമാനവും കോരി വൃത്തിയാക്കിയിട്ടില്ല. മഴ പെയ്യുമ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുകയാണ് ഇപ്പോൾ. ഇതൊരു ശാശ്വതമായ പരിഹാരമല്ല.

കൊച്ചി നഗരത്തിലെ കടകൾ, ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ മുഴുവൻ കാനകളിലേക്കാണ് ഒഴുക്കുന്നത്.

ഈ കാരണം കൊണ്ട് തന്നെ ഓടകൾ പെട്ടെന്ന് അടഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകുന്നു. ഓടകൾ പുനർനിർമിക്കുമ്പോൾ ഈ വേസ്റ്റ് പൈപ്പുകൾ അടച്ചുകളഞ്ഞ് ഇനി നിർമിക്കാൻ സാധിക്കാത്ത വിധമുള്ള സംവിധാനമൊരുക്കണം.ഈ ഓടകളിൽ നിന്നുള്ള വെള്ളമെത്തുന്ന മുല്ലശ്ശേരി കനാലും മാർക്കറ്റ് കനാലും ആഴം കൂട്ടേണ്ടതുണ്ട്. മുല്ലശ്ശേരി കനാലിന്റെ എം.ജി. റോഡിനോട് ചേർന്നുള്ള ഭാഗം റോഡാക്കിയിരിക്കുന്നതിനാൽ കനാലിന്റെ ഉള്ളിലെ സ്ഥിതി എന്തെന്ന് വ്യക്തമല്ലെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൊച്ചി നഗരത്തിൽ വന്നിരിക്കുന്ന പുതിയ നിർമാണങ്ങളിൽ ചിലതെല്ലാം ചെറുതോടുകളുടെ നീരൊഴുക്ക് തടഞ്ഞുകൊണ്ടാണ്. കോർപ്പറേഷൻ അടിയന്തരമായി ശക്തമായ നടപടികളെടുത്തില്ലെങ്കിൽ കൊച്ചി ഇടയ്ക്കിടെ പ്രളയസമാന മാകുമെന്നത് ഉറപ്പാണ്.

ഒരുവർഷം മുന്നേ മന്ത്രി പറഞ്ഞത്

മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡും കലുങ്കും നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി രണ്ട് കൽവെർട്ടുകളും റെയിൽവേ ഒരു കൽവെർട്ടും നിർമിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്വീകരിക്കും. 2023 സെപ്റ്റംബറിൽ കളമശ്ശേരി മൂലേപ്പാടം ബൈലൈൻ റോഡും പുതുക്കിപ്പണിത കലുങ്കും ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി പി. രാജീവ് ഇങ്ങനെ പറഞ്ഞത്.


Read Previous

ജൂണില്‍, കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

Read Next

സ്വർണക്കടത്ത്; ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »