കുവൈത്ത് സിറ്റി : അല്‍മന്‍ഖഫ് ലേബര്‍ ക്യാമ്പ് അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവിട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് അറിയിച്ചു. മരണപ്പെട്ട വരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളില്‍ എത്തിക്കാന്‍ സൈനിക വിമാനങ്ങള്‍ സജ്ജീകരിക്കാനും അമീര്‍ ഉത്തരവിട്ടു.

കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങള്‍ വാണിംഗ് നല്‍കാതെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ വകുപ്പുകളെ അനുവദിക്കുന്ന നിയമ നിര്‍മാണം നടത്തുമെന്ന് കുവൈത്ത് പൊതുമ രാമത്ത് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്, വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍ ക്കൊപ്പം നിയമ വിരുദ്ധ കെട്ടിടങ്ങളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഏതാനും കെട്ടിടങ്ങളി ലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട് കുവൈത്തി പൗരനെയും രണ്ടു വിദേശികളെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. അഗ്നിബാധയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സുരക്ഷാ നടപടികളും വ്യവസ്ഥകളും നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ഫലമായ കരുതിക്കൂട്ടിയല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെ തിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റം