
കൊച്ചി: വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ബസുകൾ മോട്ടർവാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി യാത്ര പോകാൻ ഇരുന്നൂറോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. ഫിറ്റ്നസ് രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പെരുമ്പാവൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളാണ് പിടിച്ചെടുത്തത്. വിദ്യാർഥികളുമായി ടൂർ പോകുന്നതിന് മുൻപ് വാഹനം മോട്ടർ വാഹന വകുപ്പിന് മുൻപിൽ പരിശോധനയ്ക്ക് ഹാജരാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തണം എന്ന് കർശന നിർദേശമുണ്ട്. എന്നാൽ വാഹനം പരിശോധനയ്ക്ക് ഹാജരാക്കാതെ അപേക്ഷ നൽകുക മാത്രമാണ് ചെയ്തത്. ബസുകൾ കാക്കനാട് ആർടി ഓഫിസിൽ കൊണ്ടുചെന്ന് പരിശോധന നടത്തിയപ്പോൾ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ഇതോടെ ഫിറ്റ്നസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. എഎംവിഐമാരായ എൻ.എസ്.ബിനു, പി.സി.ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് ബസുകൾ പിടിച്ചെടുത്തത്.
അവസാന നിമിഷത്തിലെ മോട്ടര്‍ വാഹന വകുപ്പിന്റ നടപടി ടൂർ പ്രതിസന്ധിയിലാക്കി. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ 200ഓളം വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ഥികൾ നിരാശരായി. മറ്റ് ബസ് സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ യാത്ര റദ്ദാക്കുകയായിരുന്നു.