വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയും വാങ്ങും


കുട്ടിക്കാലത്തെ വിഷു ഓർമ്മകൾ ഫേസ്ബുക്കിൽ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷുവിനും അമ്മയെ കാണാൻ എത്തുന്ന അദ്ദേഹം ഇത്തവണ ചെറുമകൻ രോഹനുമായാണ് അമ്മയ്‌ക്കരികിൽ എത്തിയത്. പേരക്കുട്ടിയോടൊപ്പമുളള ആദ്യവിഷുദിനത്തിൽ അമ്മയ്‌ക്ക് വിഷു കൈനീട്ടം കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവ് ഫേസ്‌ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിഷു ഓർമ്മകളുടെ പൂത്തിരിയിൽ ആഹ്ലാദത്തിന്റെ നല്ലനാളുകളാണ് തെളിയുന്നത്. കുട്ടികളാ യിരിക്കെ വിഷുക്കണി ഒരുക്കലിന് തലേദിവസം മുതൽക്കേ ഞങ്ങൾ വട്ടംകൂട്ടൽ ആരംഭിക്കും. ചെന്നിത്തലയിലെ വീടിന്റെ തൊടിയിലും പറമ്പിലും ഇറങ്ങി ചക്കയും മാങ്ങയും പറിച്ചെടുക്കും.ഞങ്ങൾ കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറിയും ഉരുളിയിലാക്കി കണിയൊരു ക്കുന്നത് അമ്മയാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കണിവട്ടങ്ങളും രാത്രി തന്നെ ഒരുക്കും.

വെളുപ്പിനെ മൂന്ന് മണിക്ക് മുൻപേ അമ്മ ഉറക്കമെഴുന്നേൽക്കും.നിലവിളക്ക് തെളിയിച്ചു ഞങ്ങളെ ഓരോരുത്തരായി എഴുന്നേൽപ്പിച്ചു കണ്ണനെ കണി കാണിക്കും. തൊഴുത്തിൽ പോയി പശുക്കളെയും ക്ടാങ്ങളെയും കുറിയൊക്കെ തൊടുവിച്ചു കണികാണിക്കും. സഹജീവികളോടുള്ള സ്നേഹത്തി ന്റെയും കാരുണ്യത്തിന്റെയും കടലാണ്‌ അമ്മ. വിഷുക്കൈനീട്ടം അച്ഛന്റെ വകയായിരിക്കും.

പിന്നീട് അച്ഛനുമായി പറമ്പിലേക്കിറങ്ങും. ഓരോരുത്തരേയും കൊണ്ട് ഓരോ വൃക്ഷതൈ വയ്പ്പിക്കും.കോട്ടൂർ കിഴക്കേതിൽ പറമ്പിൽ ആഞ്ഞിലി,ഇലവ്,പ്ലാവ് എന്നിങ്ങനെ അന്നത്തെ വിഷുമരങ്ങൾ തടിമാടന്മാരായി ഇന്ന് തലഉയർത്തി നിൽക്കുന്നുണ്ട്. വിഷു ദിനത്തിൽ നട്ട പ്ലാവിലെ ചക്ക പിന്നീട് എത്രയോ വിഷുവിനു കണിയൊരുക്കാനായി ഓട്ടുരളിയിൽ എത്തിയിരിക്കുന്നു. വിഷുവിനു ആഴ്ചകൾക്ക് മുൻപേ അച്ഛൻ നാണയം ശേഖരിക്കുന്നത് ഓർക്കുന്നു.

കൈനീട്ടമായി കിട്ടുന്ന ഈ നാണയ തുട്ടുകൾ സൂക്ഷിച്ചു വയ്ക്കുന്നത് പത്ത് മാസങ്ങൾക്ക് ശേഷം നടക്കുന്ന തൃപ്പെരുംത്തുറ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിലാണ് ചെലവഴിക്കു ന്നത്.ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയുമൊക്കെ വാങ്ങിക്കുന്നതിനാണ് മേട മാസത്തിലെ കൈനീട്ടം കാത്തുവയ്ക്കുക.

കഴിയാവുന്നഎല്ലാവിഷുവിനും അമ്മയെ കാണാൻ എത്താറുണ്ട്. ഇത്തവണ മകൻ രോഹിത്തിന്റെ കുട്ടി രോഹനുമായാണ് അമ്മയെ കാണാനെത്തിയത്. പേരക്കുട്ടിയുടെ ആദ്യ വിഷുവാണ്. അച്ഛൻ വിട്ടുപിരിഞ്ഞ ശേഷം അമ്മയാണ് ഞങ്ങൾക്കെല്ലാം വിഷുകൈ നീട്ടം നൽകുന്നത്. തിരിച്ചു വീട്ടാൻ കഴിയാത്ത സ്നേഹമാണ് ഓരോ കൈനീട്ടവും. വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ…


Read Previous

കോവിഡ് വ്യാപനം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ.

Read Next

ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്സിൽ നാലരവയസുകാരന് ഇരട്ടനേട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »