അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ, മലയാളി വ്യവസായി എംഎ യൂസഫലിയുടെ സ്വന്തം ലുലു ഗ്രൂപ്പ് ഇൻ്റർനാഷ ണൽ ഓഹരി വിപണിയിലേക്ക്. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ പി ഒ) ലുലു ഗ്രൂപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് ലുലു ഗ്രൂപ്പിന്റെ നീക്കം. ഐപിഒ വർഷത്തിന്റെ രണ്ടാം പകുതിയിൽ നടക്കുമെന്നും ഗൾഫ് സഹകരണ കൗൺസിലിൽ ലുലുവിൻ്റെ പ്രധാന ബിസിനസ്സ് ഉൾപ്പെടാനും സാധ്യതയുണ്ടെന്നും ഗള്‍ഫ് ന്യൂസ് വ്യക്തമാക്കുന്നു. അതേസമയം ഐ പി ഒ സംബന്ധിച്ച് പ്രതികരിക്കാന്‍ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഗള്‍ഫ് മേഖലയില്‍ അത്ര സാധാരണല്ലാത്ത കാര്യമാണ് ഇരട്ട ലിസ്റ്റിങ്. 2022 ല്‍ അമേരിക്കാനാ ഗ്രൂപ്പാണ് ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഇരട്ട ലിസ്റ്റിങ് നടത്തിയത്. അന്ന് സൗദി അറേബ്യയിലും യു എ ഇയിലുമായിട്ടായിരുന്നു ലിസ്റ്റിംഗ്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലും കെ എഫ് സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്പനിയാണ് അമേരിക്കാന ഗ്രൂപ്പ്. എന്നാല്‍ ലുലുവിന്റെ ലക്ഷ്യം റിയാദും അബുദാബിയുമാണ്.
ഐ പി ഒയ്ക്ക് മുന്നോടിയായി കടം പുന:ക്രമീകരിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ലുലുഗ്രൂപ്പ് 25 കോടി ഡോളർ സമാഹരിച്ചിരുന്നതായും ഗള്‍ഫ് എയർ പറയുന്നു. 2023 ല്‍ ലുലു ഗ്രൂപ്പ് ഐ പി ഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പ്രതികൂലമായ ചില സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഏകദേശം എട്ട് ബില്യൻ ഡോളർ വാർഷിക വരുമാനമുള്ള ലുലുവിന്‍റെ വരവ് ഓഹരി വിപിണിക്ക് ഉണർവ് പകർന്നേക്കും. ആഫ്രിക്ക ഉള്‍പ്പെടെ 26 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്‍റർനാഷനലിൽ 70,000ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഉള്‍പ്പെടെ കമ്പനി വലിയ രീതിയില്‍ നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലിസ്റ്റിങ്ങിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷമായിരിക്കും ഐപിഒയുടെ തിയതി പ്രഖ്യാപിക്കുക. ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപക സമാഹരണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ജിസിസി, ഈജിപ്ത് എന്നിവിടങ്ങളിലെ 80 പുതിയ ഹൈപ്പർമാർക്കറ്റുകളുടെ വികസനത്തിനാണ് ലുലു കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നത്. ഐ പി ഒയിലൂടെ ലുലു ഗ്രൂപ്പിലേക്ക് നിക്ഷേപിക്കാനുള്ള അവസരം പ്രവാസി മലയാളികള്‍ ഉള്‍പ്പെടേയുള്ളവർ വലിയ തോതില്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ഐ പി ഒ വലിയ വിജയമായി മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.