ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്യുന്നതിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ പത്ത് മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. മഹാറാലി കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, ഇടതു നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിക്കും.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിന് നേരെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുകയാണ് റാലിയിലൂടെ ഇന്ത്യാ സഖ്യം ലക്ഷ്യം വയ്ക്കു ന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.