
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയപാത 33-ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ദേശീയപാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
നിലവിൽ ദിബാംഗ് താഴ്‌വരയില്‍ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹുൻലിക്കും അനിനിക്കുമിടയിൽ ദേശീയപാതയിൽ വ്യാപകമായ നാശനഷ്ടമുണ്ടായതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു. ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.