ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക്; കൈകോര്‍ത്ത് നാസയും നോക്കിയയും


ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങള്‍. ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ചന്ദ്രനില്‍ സെല്ലുലാര്‍ കണക്ടിവിറ്റി എത്തിക്കാനൊരുങ്ങുകയാണ് നാസ. നോക്കിയയുമായി ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കുക.

സ്‌പേസ് എക്‌സ് ഈ വര്‍ഷം നടത്താനിരിക്കുന്ന വിക്ഷേപണത്തില്‍ ചന്ദ്രനിലേക്കുള്ള 4ജി നെറ്റ് വര്‍ക്ക് ഉപകരണങ്ങളും വിക്ഷേപിക്കും. ലാന്റര്‍ ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 4ജി സംവിധാനം സ്ഥാപിക്കും. ഇത് ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാനാവും.

ഒരു ടെക്‌നിഷ്യന്റെ സഹായമില്ലാതെ സ്ഥാപിക്കാനാകുന്നതും നിശ്ചിത വലിപ്പം, ഭാരം, ഊര്‍ജ ഉപഭോഗം എന്നിവ ഉറപ്പുവരുത്തുമന്നതുമായ ബഹിരാകാശത്ത് ഉപയോഗിക്കാനാകുന്ന ഉപകരണം നിര്‍മിക്കുക എന്നതാണ് ഒരു നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലെ ആദ്യ വെല്ലുവിളിയെന്ന് നാസയുടെ സ്‌പേസ് ടെക്‌നോളജി മിഷന്‍ ഡയറക്ടറേറ്റിലെ പ്രോഗ്രാംസ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ വാള്‍ട്ട് ഇംഗ്ലണ്ട് പറഞ്ഞു. തീവ്രമായ താപനിലയും വികിരണവും കഠിനമായ ചന്ദ്ര പരിതസ്ഥിതിയും അതിജീവിച്ച് അത് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോക്കിയയുടെ ബെല്‍ ലാബ്‌സ് ആണ് 4ജി നെറ്റ് വര്‍ക്ക് വികസിപ്പിച്ചത്. യുഎസ് കമ്പനിയായ ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച ലാന്ററിലാണ് ഇത് ചന്ദ്രനിലെത്തിക്കുക. ലാന്ററും റോവറുകളും തമ്മിലുള്ള ആശയിവിനിമയത്തിന് വേണ്ടിയാണ് ഈ നെറ്റ് വര്‍ക്ക് ഉപയോഗിക്കുക. ചന്ദ്രനിലെ ഐസിന്റെ സാന്നിധ്യം കണ്ടെത്താന്‍ വേണ്ടിയുള്ള ലൂണാര്‍ ഔട്ട്‌പോസ്റ്റ് റോവര്‍, മൈക്രോ-നോവ ഹോപ്പര്‍ എന്നീ രണ്ട് ഉപകരണങ്ങളാണ് ഇന്റൂയിറ്റീവ് മെഷീന്‍സ് ലാന്ററില്‍ ചന്ദ്രനിലെത്തുക.

ഈ ഉപകരണങ്ങള്‍ പകര്‍ത്തുന്ന ചിത്രം അതിവേഗം ഭൂമിയിലേക്കെത്തിക്കാന്‍ 4ജി നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ ലാന്ററിലേക്കും അതില്‍ നിന്ന് ഭൂമിയിലേക്കും അതിവേഗം എത്തിക്കാനാവും.

ചന്ദ്രനില്‍ ഐസ് കണ്ടെത്താനായാല്‍ അതിന്റെ സഹായത്തോടെ മനുഷ്യര്‍ക്ക് ശ്വസിക്കാനാവുന്ന ഓക്‌സിജന്‍ നിര്‍മിച്ചെടുക്കാം. ഇത് ചന്ദ്രനില്‍ ദീര്‍ഘകാലം മനുഷ്യവാസം സാധ്യമാക്കും.


Read Previous

അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ; ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു

Read Next

പ്രധാനമന്ത്രിയാക്കാത്തത് നന്നായി; സുധാകരാ മരുന്ന് കഴിക്കൂ; മറുപടിയുമായി ഇപി ജയരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular