ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആര്‍ അജിത് കുമാര്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം


തിരുവനന്തപുരം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ യുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസി നോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദവും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എം ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശനാണു വെളിപ്പെടുത്തിയത്. ഇക്കാ ര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം ആര്‍ അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നതായാണ് വിവരം. ആര്‍എസ്എസിന്റെ പോഷകസം ഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തി ന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്രയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് ഉന്നതര്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം ആര്‍ അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക.


Read Previous

പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സെപ്ടംബര്‍ 8, ഞായറാഴ്ച

Read Next

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »