
ചണ്ഡീഗഢ്: ഹരിയാണയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുമായി പ്രതി സച്ചിന്‍ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. ഫെബ്രുവരി 28-ാം തീയതി രോഹ്തക്കിലെ ഹിമാനിയുടെ വീടിന് പുറത്തുനിന്നുള്ളതാണ് ദൃശ്യങ്ങള്‍. കറുത്ത സ്യൂട്ട് കേസും വലിച്ച് തെരുവിലൂടെ നീങ്ങുന്ന സച്ചിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക.
ശനിയാഴ്ചയാണ് രോഹ്തക്കിലെ ഒരു ബസ് സ്‌റ്റേഷന് സമീപത്തുനിന്ന് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ചാണ് ഹിമാനിയെ സച്ചിന്‍ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി പുറത്തുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഹിമാനിയുടെ സുഹൃത്താണ് സച്ചിനെന്നും പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ ഹിമാനിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാണയിലെ ഝജ്ജര്‍ സ്വദേശിയാണ് സച്ചിന്‍. ഇയാള്‍ ഹിമാനിയുടെ വീട്ടില്‍ ഇടയ്ക്കിടക്ക് വന്നുപോകാറുണ്ടായിരുന്നു. ഫെബ്രുവരി 27-നാണ് കൊലപാതകം നടന്നതെന്നാണ് വിവരം.