പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാന ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്; നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും 15 ന് എത്തും #Narendra Modi and Rahul Gandhi will arrive on the 15th


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുടെ വന്‍നിര കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15 ന് പ്രചാരണത്തിനെത്തും. വൈകുന്നേരം കോഴിക്കോട് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് രാഹുല്‍ പ്രചാരണത്തിന് തുടക്കമിടുന്നത്. ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് നരേന്ദ്ര മോഡി എത്തുന്നത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ 16 ന് തിരുവനന്തപുത്ത് ശശി തരൂരി ന്റെ പ്രചാരണത്തിനായി എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18 ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിന്‍ പൈലറ്റ് എന്നിവരും പിന്നാലെയെത്തും.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരും എത്തുന്നുണ്ട്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിലും തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും.

എല്‍ഡിഎഫിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതല്‍ 21 വരെ കേരളത്തില്‍ പ്രചാരണം നടത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും യെച്ചൂരി പ്രസംഗിക്കുക.

15 മുതല്‍ 22 വരെയുള്ള പരിപാടികളില്‍ പി.ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരില്‍ 15 ന് ആരംഭിച്ച് 22 ന് പത്തനംതിട്ടയില്‍ സമാപിക്കും. 16, 17, 18 തിയതികളില്‍ തപന്‍ സെന്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണന്‍ എന്നിവരും പ്രചാരണത്തിനെത്തുന്നുണ്ട്.


Read Previous

റിയാസ് മൗലവി വധം: പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് ഹൈക്കോടതി

Read Next

ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍ #Governance crisis deepens

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »