ആശങ്കയൊഴിയുന്നില്ല; അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ യുവവ്യവസായി മരിച്ചു: ഒന്നര മാസത്തിനിടെ അഞ്ചാമത്തെ മരണം


വാഷിങ്ടന്‍: അമേരിക്കയില്‍ ജാപ്പനീസ് റസ്റ്ററന്റിന് പുറത്ത് ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ‘ഡൈനാമോ ടെക്നോളജീസ്’ സ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടിന് വാഷിംഗ്ടണ്‍ ഡൗണ്‍ടൗണിലെ റസ്റ്ററന്റിന് പുറത്തുവെച്ച് ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

വിവേകിനെ റസ്റ്ററന്റിന് പുറത്ത് വെച്ച് അക്രമി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിവേകിന്റെ മുഖവും തലയും നിലത്തിട്ട് ഇടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവേക് റസ്റ്ററന്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടാവുന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ വിവേകിന് ബോധം നഷ്ടമായ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ബുധനാഴ്ചയോടെ മരിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വെര്‍ജീനിയയിലെ അലക്‌സാന്‍ട്രിയായില്‍ താമസിക്കുന്ന വിവേകിന് ഭാര്യയും ഒരു മകളുമുണ്ട്.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ സംഭവമാണ് ഇത്. കഴിഞ്ഞയാഴ്ച അജ്ഞാതരായ സംഘം ചിക്കാഗോയില്‍ വെച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒന്നര മാസത്തിനിടെ മാത്രം അഞ്ച് ഇന്ത്യന്‍ വംശജര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

വിവേക് സെയ്‌നി എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയും ജോര്‍ജിയയിലെ ഒരു കടയില്‍ അക്രമിയുടെ അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ മറ്റ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതില്‍ കഴിഞ്ഞ ദിവസം മരിച്ച ശ്രേയസ് റെഡ്ഡിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


Read Previous

ആനയെ മയക്കുവെടി വെക്കാൻ സന്നാഹം, കുങ്കിയാനകളും വയനാട്ടിലേക്ക്; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

Read Next

യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍മരണങ്ങളില്‍ പ്രതികരണവുമായി അമേരിക്കന്‍ അംബാസഡര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »