യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍മരണങ്ങളില്‍ പ്രതികരണവുമായി അമേരിക്കന്‍ അംബാസഡര്‍


വാഷിങ്ടണ്‍: അടുത്ത കാലത്തായി അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ വംശജരും വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. നടന്ന ദുരന്തങ്ങള്‍ തീര്‍ച്ചയായും വേദനയുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗാര്‍സെറ്റി, തങ്ങളുടെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍കക്ക് സുരക്ഷാ ഉറപ്പാക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധ മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇന്ത്യന്‍ സര്‍ക്കാരും ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും വ്യക്തമാക്കി

പഠിക്കാനും സുരക്ഷിതരായിരിക്കാനുമുള്ള മികച്ച സ്ഥലമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുകയും വേണ്ടപ്പെട്ടവരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ എടുക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള മരണത്തില്‍ യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഭീതിയിലാണ്. ഒരാഴ്ചക്കിടെ യു.എസിലെ വ്യത്യസ്ത സര്‍വകലാശാലയില്‍ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അപ്രതീക്ഷിതമായി മരിച്ചത്. ഒരാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കില്‍ മറ്റേയാള്‍ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

ഇന്ത്യാന പര്‍ജു സര്‍വകലാശാലയിലെ എന്‍ജിനിയറിങ് പിഎച്ച്.ഡി. വിദ്യാര്‍ഥി സമീര്‍ കാമത്തിന്റെ (23) മൃതദേഹം വാറന്‍ കൗണ്ടിയില്‍ ഷിക്കാഗോയിലെ വീടിനടുത്താണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ യു.എസില്‍ മരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് കാമത്ത്. മരണത്തിനുള്ള കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിദ്യാര്‍ഥികളുടെ ഭീതിയൊഴിയുന്നില്ല.

നീല്‍ ആചാര്യ, അകുല്‍ ധവാന്‍, വിവേക് സെയ്‌നി, ശ്രേയസ് റെഡ്ഡി ബെനിഗെരി എന്നിവരും ഈ വര്‍ഷം യു.എസില്‍ മരിച്ചവരിലുള്‍പ്പെടുന്നു. കൊല്ലപ്പെട്ട വിവേക് സെയ്‌നി എം.ബി.എ. വിദ്യാര്‍ഥിയാണ്. ലഹരിക്കടിമയായ ഭവനരഹിതന്‍ വിവേകിനെ ചുറ്റികകൊണ്ട് ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സമീര്‍ കാമത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ആത്മഹത്യയിലേക്കു നയിച്ച കാരണം വ്യക്തമല്ല. അതിശൈത്യം മൂലമുള്ള ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയാണ് അകുല്‍ ധവാന്റെ മരണത്തിനു കാരണം. ഇതുകൂടാതെ ചിക്കാഗോയില്‍ ഹൈദരബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികള്‍ ക്രൂരമായ ആക്രമണത്തിനിരയായിരുന്നു. സമീപകാല സംഭവങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.


Read Previous

ആശങ്കയൊഴിയുന്നില്ല; അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ യുവവ്യവസായി മരിച്ചു: ഒന്നര മാസത്തിനിടെ അഞ്ചാമത്തെ മരണം

Read Next

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇടത് മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി; 15 സീറ്റില്‍ സിപിഎം, 4 ഇടത്ത് സിപിഐ, കേരള കോണ്‍ഗ്രസിന് ഒന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular