തിരുവനന്തപുരം: കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് സര്‍ജനെതിരെ നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വി. അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. 300 രൂപ നല്‍കിയാല്‍ ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടര്‍ ഹെല്‍ത് കാര്‍ഡ് നല്‍കിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഡോക്ടര്‍ക്ക് സഹായികളായിട്ടുണ്ട്.
അതേസമയം കൃത്രിമം വ്യക്തമായ സാഹചര്യത്തില്‍ ഹെല്‍ത് കാര്‍ഡ് വിതരണം അടിയന്തരമായി നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടല്‍ ജീവന ക്കാര്‍ക്ക് കാര്‍ഡ് നല്‍കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.