
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൗണ്ടിംഗിന് മുൻപ് വരെ തങ്ങളിവിടെ ജയിക്കും എന്ന വലിയ ആത്മവിശ്വാസം കാണിക്കുന്ന യുഡിഎഫിനെയാണ് കണ്ടത്. ഈ ആത്മവിശ്വാസം ചില കച്ചവട താൽപര്യം കൊണ്ടാണ് അവർക്കുണ്ടായത്. ബിജെപി വോട്ടുകൾ നല്ലരീതിയിൽ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി അടിവച്ച് മുന്നേറുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. അതിനായി നല്ല ശ്രമവും നടത്തുകയുണ്ടായി. അഖിലേന്ത്യാ നേതാക്കൾ സംസ്ഥാനത്തെത്തി പ്രവർത്തനം നടത്തുകയും ധാരാളം പണവും ചിലവഴിച്ചു. എന്നിട്ടും ഫലം വന്നപ്പോൾ 140ൽ 90 മണ്ഡലങ്ങളിൽ ബിജെപിയ്‌ക്ക് വോട്ട് കുറഞ്ഞു. 2016ലെ അനുസരിച്ച് വോട്ട് വർദ്ധന ഏത് പാർട്ടിക്കും ലഭിക്കേണ്ടതാണ്. എന്നാൽ ഇത്ര പ്രവർത്തനം നടത്തിയിട്ടും ശക്തി പ്രാപിച്ചെന്ന് പറഞ്ഞവർക്ക് അത് യാഥാർത്ഥ്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് തിരുവനന്തപുരത്ത് നടന്ന മീറ്റ് ദി പ്രസിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുറമേ കാണുന്നതിലും വലിയ വോട്ട് കച്ചവടം നടന്നു. ചിലയിടത്തെങ്കിലും ബിജെപിയെ ജനം കൈവെടിഞ്ഞു എന്ന സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കുറഞ്ഞ മണ്ഡലങ്ങൾ സംസ്ഥാനമാകെ ഉണ്ട്. വിവിധ ജില്ലകളിൽ വ്യാപകമായ കുറവുണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2016ലെ തിരഞ്ഞെടുപ്പിൽ 30 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ച ബിജെപിയ്‌ക്ക് ഈ തിരഞ്ഞെടുപ്പിൽ നാലര ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു.കുണ്ടറയിലും പെരുമ്പാവൂരിലും വോട്ട് കച്ചവടം നടന്നു.
തൃപ്പൂണിത്തുറയിൽ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബിജെപിയിൽ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് യുഡിഎഫ് ജയിച്ചതെന്നും ചിലയിടത്ത് എൽഡിഎഫ് തോറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചതിന് കാരണം ബിജെപിയു മായുളള വോട്ട് കച്ചവടമാണ്. വാമനപുരത്ത് 8000ലധികം വോട്ടുകളാണ് ബിജെപിക്ക് മറിഞ്ഞത്. വോട്ട് കച്ചവടം നടന്നില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ പതനം കൂടിയേനെയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.