
പേരാമ്പ്ര: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കി പേരാമ്പ്രയിലെ പോലീസ് സ്‌ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് വാളൂരിലെ അനുകൊലപാതകക്കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതി മുജീബ് റഹ്‌മാനെ വലയിലാക്കാന്‍ സഹായിച്ചത്. സംഭവംനടന്ന ദിവസം കാര്യമായ തുമ്പൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു പോലീസ്. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കളുടെ പരാതിയും അനു ചുവന്ന ബൈക്കില്‍ കയറി പോയതായി കണ്ടെന്ന നാട്ടുകാരിയുടെ മൊഴിയുമായിരുന്നു ആകെയുണ്ടായിരുന്നത്. അനുവിന്റെ മുങ്ങിമരണത്തില്‍ ചെളിവെള്ളം ശ്വാസകോശത്തില്‍വരെ എത്തിയെന്ന പോസ്റ്റുമോര്‍ട്ടത്തിലെ വിവരം കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതിനും സഹായിച്ചു. ആന്തരികാവയവങ്ങള്‍ക്കുള്ള ക്ഷതവും തലയിലെ പരിക്കും മറ്റ് സൂചനകളായിരുന്നു.
ഇതോടെ, മുജീബ് റഹ്‌മാന്‍ സഞ്ചരിച്ച വഴിയിലൂടെ നൂറോളം സി.സി.ടി.വി.കള്‍ പരിശോധിച്ച് പോലീസ് കഠിനപ്രയത്‌നം നടത്തി. അതില്‍ ഒരു ബൈക്ക് പലതവണ പ്രദേശത്തേക്ക് വന്നതായി കണ്ടു. പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് പോയതായും മനസ്സിലാക്കി. സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നമ്പര്‍ തിരിച്ചറിയുകയും ബൈക്ക് മട്ടന്നൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാഫലിന്റേതാണെന്ന് കണ്ടെത്തി. അവിടേക്ക് പോലീസ് എത്തിയപ്പള്‍ ബൈക്ക് 11-ന് പുലര്‍ച്ചെ മോഷണം പോയതായി തിരിച്ചറിഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു ബൈക്കിന്റെ ഹെല്‍മെറ്റും എടുത്താണ് പോയത്.
ഇതോടെ, ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. തുടര്‍ന്ന് ഇതേ ബൈക്ക് മലപ്പുറം ജില്ലയിലേക്ക് ആ ദിവസം പോയതായി സി.സി.ടി.വി.യില്‍ നിന്നുതന്നെ സൂചന ലഭിച്ചു. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരുടെയും അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങിയവരെയുംകുറിച്ച് പരിശോധിച്ചപ്പോള്‍ മുജീബിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. അന്വേഷണസംഘം വീട്ടിലെത്തുമ്പോള്‍ പ്രതി രക്ഷപ്പെടാന്‍ അവസാന ശ്രമം നടത്തിയെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. പോലീസ് എത്തിയിരുന്നില്ലെങ്കില്‍ താമസിയാതെ സ്ഥലം വിടുകയും ചെയ്യുമായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പോലീസ് കണ്ണൂരിലും മലപ്പുറത്തും സംഭവം നടന്ന പ്രദേശത്തും നടത്തിയ അന്വേഷണമാണ് കേസ് അതിവേഗം തെളിയിക്കാനായത്. പോലീസ് ഊഹിച്ച രീതിയില്‍തന്നെ കൊലപാതകം നടന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്ത് ഇരുവരും നില്‍ക്കുന്നതുകണ്ട ചിലരുണ്ടെന്ന വിവരവും പോലീസിന് പിന്നീട് ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന്റെയും റൂറല്‍ എസ്.പി. അരവിന്ദ് സുകുമാറിന്റെയും മേല്‍നോട്ടത്തില്‍ പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മാരായ കെ.പി. വിനോദ്, പി. പ്രദീപന്‍, ഒ.ടി. ഫിറോസ്, അബ്ദുറഹ്‌മാന്‍, ബിജു വിജയന്‍, രാജീവ് ബാബു, എ.എസ്.ഐ.മാരായ വി.സി. ബിനീഷ്, വി.വി. ഷാജി, എസ്.സി.പി.ഒ.മാരായ ടി.കെ. റിയാസ്, എ.എ. അരുണ്‍ഘോഷ്, സി.എം. സുനില്‍കുമാര്‍, ഇ.കെ. മനീര്‍, ടി. ബിനീഷ്, എന്‍.എം. ഷാഫി, സി. സിഞ്ജുദാസ്, കെ.കെ. ജയേഷ്, പി. ശ്രീജിത്ത്, കെ.ജി. ബൈജു, രാധിക എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പിടികൂടാന്‍ മലപ്പുറം പോലീസിന്റെ സഹായവുമുണ്ടായി.