മൂന്നാം ലോകമഹായുദ്ധത്തിന് ഒരു കാല്പാടകലം; വ്ലാദിമിർ പുതിൻ


മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു കാല്പാടകലം മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്. ഇതുപോലൊരു വിജയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല- പുതിൻ പറഞ്ഞു.

റഷ്യയും യു.എസ്. നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുതിൻ മുന്നറിയിപ്പ് നൽകി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരുകാല്പാടകലം മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും പുതിൻ കൂട്ടിച്ചേർത്തു.

യുക്രൈനിനെതിരേ റഷ്യയ്ക്ക് ജയം സാധ്യമല്ലെന്നും ഭാവിയിൽ യുക്രൈനിൽ സൈന്യത്തെ വിന്യസിച്ച് ഭരിക്കാൻ പുതിന്‌ കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിന്റെ പ്രതികരണം. ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും മൂന്നാം ലോക മഹായുദ്ധത്തിന് ഒരു കാല്പാടകലം മാത്രമാണെന്ന് എല്ലാവർക്കുമറിയാമെന്നും പുതിൻ പ്രതികരിച്ചു.

വ്ലാദിമിർ പുതിന് അഞ്ചാം ഭരണകാലം ഉറപ്പു നൽകിക്കൊണ്ടായിരുന്നു റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. രാത്രി വൈകി പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ 87.97% വോട്ട്‌ പുതിൻ നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം മേയിലേ ഉണ്ടാകൂ. എന്നാൽ, വോട്ടെടുപ്പിനു പിന്നാലെയെത്തുന്ന എക്സിറ്റ് പോളിൽനിന്ന്‌ ഏറെ വ്യത്യസ്തമാകാറില്ല അത്.

മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പിന്റെ അവസാനദിനമായ ഞായറാഴ്ച റഷ്യയിലെ ബൂത്തുകളിൽ പ്രതീകാത്മക പ്രതിഷേധം നടന്നു. 74 പേർ അറസ്റ്റിലായി. അവസാനദിവസം ഉച്ചയ്ക്ക് കൂട്ടമായി പോളിങ് ബൂത്തിലെത്തി പ്രതിഷേധിക്കണമെന്ന്, കഴിഞ്ഞമാസം ദുരൂഹസാഹചര്യത്തിൽ തടവറയിൽ മരിച്ച പ്രതിപക്ഷനേതാവ് അലക്സി നവൽനി ആഹ്വാനംചെയ്തിരുന്നു.

അതേസമയം, നവൽനിയുടെ മരണം ദുഃഖകരമെന്ന് പുതിൻ പ്രതികരിച്ചു. ഇതാദ്യമായാണ് നവൽനിയുടെ പേര് പരസ്യമായി പറഞ്ഞ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.


Read Previous

തെലങ്കാനയില്‍ ബിആര്‍എസിനെ വേട്ടയാടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; സിറ്റിങ് എംപിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Read Next

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും; ഒരാഴ്ചയ്ക്കിടെ പ്രതിയെ വലയിലാക്കിയ അഭിമാനനേട്ടവുമായി പേരാമ്പ്ര സ്‌ക്വാഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular