രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പോസ്‌റ്റർ; ബിജെപിക്കെതിരെ കോൺഗ്രസ്


രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച പോസ്‌റ്ററുമായി ബന്ധപ്പെട്ട് ബിജെപി ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ്‌ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. ‘ഏറ്റവും വലിയ നുണയൻ’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്‌സിൽ പ്രചരിച്ചതിന് തൊട്ടു പിന്നാലെ യാണ് ബിജെപി രാഹുൽ ഗാന്ധിയുടെ പോസ്‌റ്റർ പുറത്തുവിട്ടത്.

ബിജെപിയുടെ നീക്കത്തെ ശക്തമായി അപലപിച്ച ജയറാം രമേശ്, ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികളാൽ പിതാവും മുത്തശ്ശിയും വധിക്കപ്പെട്ട മുൻ കോൺഗ്രസ് അധ്യക്ഷനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും, പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്‌റ്ററെന്ന് ആരോപിച്ചു.

“ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിലെ രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ഗ്രാഫിക്കിന്റെ യഥാർത്ഥ ഉദ്ദേശം എന്താണ്? ഇത് കോൺഗ്രസ് എംപിയും, പാർട്ടിയുടെ മുൻ അധ്യക്ഷനുമായ അദ്ദേഹത്തിനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്, അതും ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികളാൽ പിതാവും മുത്തശ്ശിയും കൊല്ലപ്പെട്ടയാൾക്ക് എതിരെ ” അദ്ദേഹം എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.

“താൻ ഒരു നുണയനാണെന്നും, നാർസിസിസ്‌റ്റിക് വ്യക്തിത്വ വൈകല്യമുള്ളയാളാ ണെന്നും പ്രധാനമന്ത്രി ദിവസവും തെളിയിക്കുകയാണ്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് ഇത്തരമൊരു അരോചകമായ എന്തെങ്കിലും ഉണ്ടാക്കുന്നത് തികച്ചും അസ്വീകാര്യമാണെന്ന് മാത്രമല്ല, മറിച്ച് തീർത്തും അപകടകരമാണ്,” രമേശ് പറഞ്ഞു. “ഞങ്ങളെ ഇതൊന്നും ഭയപ്പെടുത്തില്ല,” അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എക്‌സിലൂടെയാണ് ബിജെപി രാഹുലിന്റെ വിവാദ പോസ്‌റ്റർ പങ്കു വച്ചത്. “ഇന്ത്യ അപകടത്തിലാണ്- ഒരു കോൺഗ്രസ് പാർട്ടി നിർമ്മാണം, സംവിധാനം ജോർജ്ജ് സോറോസ് ” എന്ന അടിക്കുറിപ്പോടെയാണ് ബിജെപി പോസ്‌റ്റർ പങ്കുവച്ചത്. “പുതിയ യുഗത്തിലെ രാവണൻ ഇവിടെയുണ്ട്, അവൻ ദുഷ്‌ടനാണ്, ധർമ്മ വിരുദ്ധൻ, രാമൻ വിരുദ്ധൻ, ഭാരതത്തെ നശിപ്പിക്കുകയാണ് അവന്റെ ലക്ഷ്യം,” പോസ്‌റ്റിൽ പറയുന്നു.

പോസ്‌റ്ററിനോട് പ്രതികരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി വദ്ര, എക്‌സിൽ ഒരു പോസ്‌റ്റ് പങ്കുവച്ചു. “ഏറ്റവും ബഹുമാന്യരായ നരേന്ദ്രമോദി ജിയും, ജെപി നദ്ദയും ജീയും അറിയാൻ, രാഷ്ട്രീയവും സംവാദവും ഏത് തലത്തിലേക്ക് കൊണ്ടുപോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് പോസ്‌റ്റ് ചെയ്‌ത അക്രമപരവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ?” പ്രിയങ്ക ചോദിച്ചു.

രമേശിനെയും പ്രിയങ്കയെയും പിന്തുണച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തി. “രാഹുൽ ഗാന്ധി ജിയെ രാവണനുമായി താരതമ്യപ്പെടുത്തിയ ബിജെപിയുടെ നാണംകെട്ട പോസ്‌റ്ററിനെ അപലപിക്കാൻ വാക്കുകളില്ല.” അദ്ദേഹം പറഞ്ഞു.

“അവരുടെ നീചമായ ഉദ്ദേശ്യങ്ങൾ വ്യക്തമാണ്, അവർ അദ്ദേഹത്തെ കൊല്ലാൻ ആഗ്രഹിക്കുന്നു. മുത്തശ്ശിയും, അച്ഛനും നവധിക്കപ്പെട്ട ആളെ. നിസ്സാര രാഷ്ട്രീയ വിജയത്തിനായി അവർ എസ്‌പിജി സംരക്ഷണം പിൻവലിച്ചു. സുരക്ഷിതമായ വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം അവർ മറ്റൊരു വീട് അനുവദിച്ചില്ല.” വേണുഗോപാൽ വ്യക്തമാക്കി.

“ഇതെല്ലാം വിരൽ ചൂണ്ടുന്നത് തങ്ങളുടെ കടുത്ത വിമർശകനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആസൂത്രിതമായ ഗൂഢാലോചനയെയാണ്, പ്രത്യേകിച്ച് വിദ്വേഷം നിറഞ്ഞ ആശയത്തിന്റെ കാതലായ ഭാഗത്തെ ആക്രമിക്കുന്ന ഒരാളെ” വേണു ഗോപാൽ കൂട്ടിച്ചേർത്തു. മുൻപും പലതവണ സോഷ്യൽ മീഡിയയിൽ ഇരുപാർട്ടികളും എതിർകക്ഷികളുടെ നേതാക്കൾക്കെതിരെ കാർട്ടൂൺ പോസ്‌റ്ററുകൾ ഇറക്കി പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.


Read Previous

ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വി​സ: ജി.​സി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ചെ​യ്തു

Read Next

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »