ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ


ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ യുവ നിര ബംഗ്ലാ കടുവകളെ തോൽപിച്ചത്. ഹാങ്‌ ഷൗവിലെ പിംഗ്‌ഫെങ് കാമ്പസ് ക്രിക്കറ്റ് ഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്‌തത്‌. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. 

ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 96 റൺസ് എന്ന നിലയിൽ ഒതുക്കിയ ബൗളർമാരാണ് ജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി സായ് കിഷോർ മിന്നും പ്രകടനം കാഴ്‌ചവെച്ചു. നാല് ഓവറുകളിൽ കേവലം 12 റൺസ് മാത്രം വഴങ്ങിയ ഇടംകൈയ്യൻ സ്‌പിന്നർ മൂന്ന് നിർണായക വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്.

പവർപ്ലേയുടെ അവസാന ഓവറിൽ സെയ്‌ഫ് ഹസ്സന്റെയും സക്കീർ ഹസന്റെയും വിക്കറ്റുകൾ വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറും ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. 32 പന്തിൽ 23 റൺസെടുത്ത പർവേസ് ഹൊസൈൻ ഇമോൺ, 29 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന ജാക്കർ അലി അനിക് എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അതൊന്നും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ പോന്നതായിരുന്നില്ല.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് തുടക്ക ത്തിലേ നഷ്‌ടമായി. എന്നാൽ തിലക് വർമ്മയും, ഋതുരാജും ഒത്തുചേർന്നതോടെ ജയം എളുപ്പമായി. വെറും 18 പന്തുകളിൽ അൻപത് റൺസ് കൂട്ടുകെട്ട് മറികടന്ന ഇരുവരും വേഗത്തിൽ ഇന്ത്യയെ വിജയ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. അഫ്‌ഗാനി സ്ഥാനും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഫൈനലിൽ ഇന്ത്യ നേരിടുക.


Read Previous

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പോസ്‌റ്റർ; ബിജെപിക്കെതിരെ കോൺഗ്രസ്

Read Next

ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവം; അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണ വിഭാഗം, യൂത്ത് ഫെയ്‌സ്’ ക്രീം ഉപയോഗിച്ച് ​14കാരി ഗുരുതരാവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular