
കൊച്ചി: എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്. അമ്പലമുകള്‍ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. 23-ഓളം കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴിലുള്ള നൂറ്റിയമ്പതോളം ജീവനക്കാരാണ് പണിമുടക്കുന്നത്. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ ശ്രീകുമാറിനെ മര്‍ദ്ദിച്ചു. പോലീസിന് പരാതി കൊടുത്തിരുന്നെങ്കിലും കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നും കൃത്യമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഡ്രൈവര്‍മാരുടെ സമരത്തെതുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള 140-ഓളം ലോഡ് സര്‍വീസ് മുടങ്ങിയിട്ടുണ്ട്.