
ലണ്ടൻ: ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് മക് ഡൊണാൾഡ്സ് റസ്റ്റോറന്റിലേയ്ക്ക് ജീവനുള്ള എലികളെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ. യു കെയിലെ ബർമിംഗ്ങാമിലെ മക് ഡൊണാൾഡ്സ് റസ്റ്റേറന്റിലാണ് സംഭവം. 32കാരനാണ് അറസ്റ്റിലായത്. ഇയാൾ കാറിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ നിറയെ ജീവനുള്ള എലികളായിരുന്നു. ശേഷം പെട്ടിയെടുത്ത് റസ്റ്റോറന്റിലെത്തി അതിനെ തുറന്നുവിട്ടിട്ട് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ 32കാരൻ അറസ്റ്റിലായെന്നും മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു. വീഡിയോയിൽ തലയിൽ പലസ്തീൻ പതാക കെട്ടിയ ഒരാളാണ് എലികളെ തുറന്നുവിടുന്നത്. സംഭവത്തെ പൊതു ശല്യമായി കണക്കാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇസ്രയേൽ സെെന്യത്തിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മക് ഡൊണാൾഡ്സ് റസ്റ്റോറന്റുകൾ ഇസ്രയേലിൽ ഭക്ഷണം സംഭാവന ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പലസ്തീൻ അനുകൂലികൾ പ്രതിഷേധം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.