ഹമാസ്- ഇസ്രയേൽ മധ്യസ്ഥ റോളിൽ നിന്ന് പിന്മാറ്റം സ്ഥിരീകരിച്ച് ഖത്തർ


ദുബായ്: ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറിയെന്ന വിവരം സ്ഥിരീകരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. യുഎസ് സമ്മർദ്ദം ചെലുത്തി യതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ വിജയിച്ചതിന്റെ പരിണിത ഫലമാണിതെന്നാണ് വിലയിരുത്തൽ.

ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് ഖത്തർ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട തെന്നാണ് റിപ്പോർട്ടുകൾ.

യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. എന്നാൽ ഹ്രസ്വ കാല വെടിനിർത്തൽ പദ്ധതിയടക്കം നിർദ്ദേശങ്ങളെല്ലാം ഹമാസ് നിരസിച്ചിരുന്നു. ഇതോടെയാണ് യുഎസ് ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതും ഖത്തർ ഹമാസ് നേതാക്കളെ കൈയ്യൊഴിഞ്ഞതും.

ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടെടുത്തത്. മോചന നിർദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു. ഇതോടെയാണ് ഖത്തറിനോട് അമേരിക്ക നിലപാട് വ്യക്തമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോൾ മാത്രം മധ്യസ്ഥശ്രമം തുടരുമെന്നാണ് വിശദീകരണം. പിന്മാ​റുന്ന കാര്യം ഇസ്രയേലിനെയും ഹമാസിനെയും അമേരിക്കയെയും ഖത്തർ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. പലവട്ടം ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖത്തറിന്റെ കടുത്ത തീരുമാനം. ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഖത്തർ പറഞ്ഞു.

അതേസമയം ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് അടച്ച് പൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കയുടെ സമ്മർദത്തെ തുടർന്നല്ല ഓഫീസ് പൂട്ടാൻ നിർദേശിച്ചതെന്നാണ് ഖത്തർ പറയുന്നത്. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു.


Read Previous

മാര്‍ക്കോ യാന്‍സന്റെ മധുര പ്രതികാരം, സംപൂജ്യനായി സഞ്ജു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 125 റണ്‍സ് വിജയലക്ഷ്യം

Read Next

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്കയുടെ അവസാന വട്ട പ്രചാരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »