പാട്‌ന: മരണശേഷം ഇന്ത്യയിൽ തന്നെ സംസ്‌കരിക്കണമെന്ന ഓസ്‌ട്രേലിയൻ വയോധികന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ. സിഡ്നി സ്വദേശിയായ ഡൊണാൾഡ് സാംസിനെയാണ് (91)ക്രിസ്ത്യൻ ആചാര പ്രകാരം മുൻഗറിൽ സംസ്‌കരിച്ചത്. മരിക്കുന്നതിന് മുൻപ് സാംസെഴുതിയ വിൽപ്പത്രത്തിൽ അവസാനത്തെ ആഗ്രഹമായി ഇത് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ബന്ധുക്കൾ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിൽ സംസ്കരിക്കാൻ തയ്യാറായത്.

ഇന്ത്യയിൽ 12-ാം സന്ദർശനം നടത്താനെത്തിയതായിരുന്നു സാംസ്. 42 ഓസ്‌ട്രേലിയൻ സഞ്ചാരികൾക്കൊപ്പമാണ് അദ്ദേഹം ക്രൂയിസ് കപ്പലിൽ പാട്നയിൽ എത്തിയത്. യാത്രയ്ക്കിടയിൽ തളർന്നുവീണ സാംസിനെ മുൻഗറിലെ നാഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജില്ലാ ഭരണകൂടവും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് ഓസ്‌ട്രേലിയൻ എംബസിയുടെയും ഭാര്യ ആലീസ് സാംസിന്റെ അനുമതി പ്രകാരമാണ് മൃതദേഹം മുൻഗറിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനമെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് സംസ്കാരം നടത്തിയത്. ചുരമ്പയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ചാണ് അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്. എംബസിയുടെ നിർദ്ദേശപ്രകാരമാണ് ശവസംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് മുൻഗറിലെ ജില്ലാ മജിസ്ട്രേറ്റ് അവ്നിഷ് കുമാർ സിംഗ് അറിയിച്ചു. സാംസിന്റെ ഭാര്യയുടെ ആഗ്രഹമനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തിയില്ല. ഓസ്‌ട്രേലിയൻ സഞ്ചാരികൾ എത്തിയ കപ്പൽ വെളളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച ഉച്ച വരെ ബാബുവ ഘട്ടിൽ നങ്കൂരമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഡൊണാൾഡ് സാംസ് ഓസ്‌ട്രേലിയൻ ഹൈക്കമാൻഡിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സാംസിന്റെ പിതാവ് അസമിൽ ജോലി ചെയ്തിരുന്നുവെന്ന് ആലീസ് പങ്കുവച്ചു. പിതാവിനോടുള്ള ആദരസൂചകമായി, സാംസ് ഇന്ത്യയിലേക്ക് പോകുമ്പോഴെല്ലാം അസം സന്ദർശിക്കുമായിരുന്നു.