സൗദി ഹജ്ജ് മന്ത്രി ഇന്ത്യയില്‍; മന്ത്രിയെ അനുഗമിച്ച് ഉന്നത ഉദ്യോഗസ്ഥ സംഘം, സമഗ്ര ഹജ്, ഉംറ പദ്ധതികള്‍ ആവിഷ്‌കരിക്കും


റിയാദ്: ഇന്ത്യയുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ മുന്നോടിയായി സൗദി അറേബ്യയുടെ ഹജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ ഹാജിമാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ആതിഥ്യമരുളുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ ന്യൂഡല്‍ഹിയില്‍ എത്തിയതായി സൗദി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തീര്‍ത്ഥാടകരുടെ യാത്രാനടപടികളിലും താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ അധികാരികളുമായും ഹജ്ജ്, ഉംറ സേവന മേഖലയിലെ പ്രമുഖരുമായും അല്‍ റബഇീഅ ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സൗദിയിലെ പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ഹജ്ജ്-ഉംറ സേവന മേഖലയിലുള്ളവരെ അറിയിക്കുന്നതിനും കൂടിയാണ് മന്ത്രിയുടെ സന്ദര്‍ശനം

സൗദി ഹജ്ജ് മന്ത്രി നിരവധി രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, വിസ സേവനങ്ങള്‍, ഉംറ വിസകളിലെ വര്‍ വര്‍ധന തുടങ്ങിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശന വേളയില്‍ ഉംറ കമ്പനികള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ സന്ദര്‍ശന വേളയില്‍ നുസുക് പ്ലാറ്റ്ഫോം, തഷീര്‍ ഇ-വിസ വിതരണം തുടങ്ങിയ വയുമായി ബന്ധപ്പെട്ട പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സൗദി എംബസി അറിയിച്ചു.

ഇന്ത്യന്‍ ഹജ്ജ് മന്ത്രി സൗദിയിലെത്തിയ ശേഷമാണ് ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുക. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കും വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനും മന്ത്രിയുടെ സന്ദര്‍ശനം ഉപകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട, ഹജ്ജ് വിമാനങ്ങളുടെ ഷെഡ്യൂളുകള്‍, മക്ക, മദീന, മിനാ തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ ഹാജിമാരുടെ താമസസ്ഥലങ്ങള്‍, മറ്റ് സേവനങ്ങള്‍, ഇന്ത്യക്കാരുടെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള സമയക്രമം തുടങ്ങിയ ഉള്‍പ്പെടുന്ന സമഗ്രമായ ഹജ്ജ് കരാറാണ് ഒപ്പുവയ്ക്കുക.

സൗദി ഹജ്ജ് മന്ത്രിയെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വകാര്യമേഖലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ അടങ്ങുന്ന ഉന്നതതല സംഘമാണ് അനുഗമിക്കു ന്നത്. ഇലക്ട്രോണിക് ഉംറ വിസയുടെയും നുസുക് പ്ലാറ്റ്ഫോമിന്റെയും തീര്‍ത്ഥാടകര്‍ ക്കുള്ള ഇതര സേവനങ്ങളുടെയും സവിശേഷതകള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. അല്ലാഹുവിന്റെ അതിഥികളായി രാജ്യത്ത് വരുന്നവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം സൃഷ്ടിക്കുന്നതിനുള്ള സൗദി ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും സൗദി എംബസി വ്യക്തമാക്കി


Read Previous

പകര്‍ച്ച വ്യാധി വ്യാപനം മുന്‍കരുതലുമായി സൗദി അറേബ്യ: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണം, കൂടുതല്‍ ദിവസങ്ങള്‍ താമസിക്കരുത്: ആരോഗ്യമന്ത്രാലയം

Read Next

സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനല്ല : പ്രതാപനെ തള്ളി വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »