
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
വിഷയം പരിശോധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം. അടുത്ത സാമ്പത്തികവര്‍ഷത്തെ പരിധിയില്‍ കുറയ്ക്കുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയില്‍ 5,000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ആര്‍ക്കും ഒന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കേരളത്തിന് 5,000 കോടിരൂപയുടെ അധിക വായ്പ വ്യവസ്ഥകളോടെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നും സംസ്ഥാനവിഹിതത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളില്‍ വായ്പ അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും കേരളം കോടതിയെ അറിയിക്കുകയായിരുന്നു.