കാട്ടാന ആക്രമണം: ബിജുവിന്‍റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം


റാന്നി (പത്തനംതിട്ട): പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാനാക്രമണത്തിൽ മരിച്ച വട്ടപ്പാറ പുളിയൻകുന്ന് മലയിൽ ബിജു(52)വിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.

ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ പിന്നീട് അറിയിച്ചു. മകന് ജോലി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ പറഞ്ഞു. കൂടുതൽ സഹായത്തെ കുറിച്ച് പരിശോധിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എ.യും സ്ഥലത്തെത്തിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദംകേട്ട് ബിജു പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽനിന്ന് 50 മീറ്റർ അകലെയായി അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം സ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. കളക്ടർ അടക്കമുള്ള അധികൃതർ എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോആന്റണി കണമല ഫോറസ്റ്റ് സ്റ്റേഷനിൽ സത്യാഗ്രഹം തുടങ്ങി. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആളാണ് വനംമന്ത്രിയെന്നും സുഖവാസത്തിന് പറ്റിയ വകുപ്പ് ഏതെങ്കിലും അദ്ദേഹത്തിനു കൊടുക്കണമെന്നും ആന്റോ ആന്റണി വിമർശിച്ചു.


Read Previous

കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിയ്ക്കണം; കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

Read Next

നിര്‍ണായക നീക്കം; സിപിഎമ്മിന്‍റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular