തിരുവനന്തപുരം: രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനായാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യുഡിഎഫിനെതിരെ സംസാരിക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീര്‍പ്പി ലാക്കിക്കൊടുക്കുന്നത് വി മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്റെ വലം കൈ ആയ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ നിന്ന് പിണറായി രക്ഷിച്ചു. മുരളീധരന്‍ പകല്‍ ഒന്നും രാത്രിയില്‍ മറ്റൊന്നും പറയുന്ന ആളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്ഐഒ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നതെന്ന് യുഡിഎഫ് നിരീക്ഷിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ലൈഫ് മിഷന്‍ കോഴക്കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സി മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ഇതേക്കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരന് എന്തെങ്കിലും പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ കേസുകളും ഒത്തുതീര്‍പ്പിലേക്കാണ് എത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒത്തുതീര്‍പ്പിനുള്ള ഇടനിലക്കാര്‍ ഇപ്പോഴേ ഇറങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് നേരത്തേതന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. “കേസ് ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. അവസാനം തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ സിപി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ കരുവന്നൂര്‍ കേസും അവസാനിക്കും. ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മതേതര മനസ്സുള്ള കേരളം ഈ ഒത്തുതീര്‍പ്പിനെതിരെ ശക്തിയായി പ്രതികരിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.