ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്, കേരളത്തിൽ തുടർഭരണം ലഭിച്ച സിപിഎം അധികാരം നിലനിർത്താൻ വർഗീയ ചേരിതിരി വിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ” അധികാരം, വർഗീയത, രാഷ്ട്രീയം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഷാഫി ചാലിയം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷം വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിൽ പ്രധാനായും ലക്ഷ്യം വെക്കുന്നത് മുസ്‌ലിം ലീഗിനെയാണ്. ലീഗിനെതീരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയും അത് വഴി യുഡിഎഫിനെ ദുർബലപ്പെടുത്തുകയും ചെയ്യുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് കേരളം ഭരിക്കാൻ പോകുന്നതെന്ന പ്രചരണമാണ് വ്യാപകമായി നടത്തിയത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ജമാഅത് ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടിൽ പെരുമാറുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമീപകാലത്ത് ഉന്നയിച്ച മറ്റൊരു ആരോപണം. മുനമ്പം വിഷയത്തിൽ മാതൃകാപരവും പക്വവുമായ നിലപാട് സ്വീകരിച്ച സ്വാദിഖലി തങ്ങളുടെ ഇടപെടലുകൾ സിപിഎമ്മിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും വയനാട് തെരെഞ്ഞെടുപ്പിലും യുഡിഫ് നേടിയ മിന്നും ജയം വർഗീയമാക്കുവാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ഷാഫി ചാലിയം ചൂണ്ടിക്കാണിച്ചു.
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു. മുസ്‌ലിം ലീഗ് മതേതര നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയാണ്. മുസ്‌ലിം എന്ന പേരിൽ ഏഴര പതിറ്റാ ണ്ടായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഒരു പ്രവർത്തകനെ പോലും രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് ഡോ അംബേദ്കറേ തെരെഞ്ഞെടുത്തയച്ച രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. യുദ്ധത്തിൽ പങ്കെടുക്കുവാൻ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണ മെന്ന് അഭ്യർത്ഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ രാജ്യ സ്നേഹം മാതൃകാപരമായിരുന്നെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരമായി എം ഐ തങ്ങൾ രചിച്ച ”ന്യൂനപക്ഷ രാഷ്ട്രീയം ദൗത്യവും ദർശനവുമെന്ന” പുസ്തകം സന്ദീപ് വാര്യർക്ക് കൈമാറി.
സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതിയിൽ കൂടുതൽ അംഗങ്ങളെ ചേർത്ത നിയോജമണ്ഡലം കമ്മിറ്റികൾ ക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി, കൊടുവള്ളി, മങ്കട, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയത്.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വി കെ മുഹമ്മദ്, ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടറി യേറ്റംഗളായ മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അഷ്‌റഫ് കൽപകഞ്ചേരി, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, ഷമീർ പറമ്പത്ത്, ഷംസു പെരുമ്പട്ട, പി സി അലി വയനാട്, കബീർ വൈലത്തൂർ എന്നിവർ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.