കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മിലുളള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കല്യാണിയെ തന്റെ മാതാപിതാക്കളായ പ്രിയദർശനും ലിസിയും വളർത്തിയ രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രിയദർശനും ലിസിയും വേർപിരിഞ്ഞിട്ടും മക്കൾക്കുവേണ്ടി ചെയ്ത കാര്യങ്ങളും ആലപ്പി അഷ്‌റഫ് വിവരിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

‘കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർത്ഥിന്റെയും ജീവിത വീക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. രണ്ട് മക്കളെയും ലിസിയും പ്രിയദർശനും വളർത്തിയത് ആർഭാടത്തിന്റെ രീതിയിൽ ആയിരുന്നില്ല. സാധാരണക്കാരുടെയും ജീവിതം മനസിലാക്കാൻ കഴിവുളളവരാക്കിയാണ് അവർ കല്യാണിയെയും സിദ്ധാർത്ഥിനെയും വളർത്തിയത്. മക്കൾക്ക് തിരിച്ചറിവ് ഉണ്ടായപ്പോൾ പത്ത് ദിവസം അവർ കുട്ടികളെ അനാഥാലയത്തിൽ പാർപ്പിച്ചു. അവിടെയുളള അനാഥ കുട്ടികളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുച്ചേർന്ന് അവർ താമസിച്ചു. വിയറ്റ്നാമിലെ ഒരു അനാഥാലയമാണ് അവർ തിരഞ്ഞെടുത്തത്. ഇങ്ങനെ വളർത്തിയതുകൊണ്ടായിരിക്കും മകൻ കീറിയ ഷർട്ട് ഇടാറുണ്ടായിരുന്നുവെന്ന് ലിസി പറഞ്ഞിട്ടുണ്ട്.
ലിസിയും പ്രിയദർശനും വേർപിരിഞ്ഞുവെങ്കിലും പരസ്പരം ചെളി വാരിയെറിഞ്ഞ് കുട്ടികളുടെ മനസിൽ സങ്കടമുണ്ടാക്കിയിട്ടില്ല. സിദ്ധാർത്ഥ് അമേരിക്കയിൽ നിന്നാണ് ആർക്കിടെക്ച്ചറിൽ ബിരുദം നേടിയത്. പ്രിയദർശന്റെ ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോ നിയന്ത്രിക്കുന്നത് സിദ്ധാർത്ഥാണ്. ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി പണമുണ്ടാക്കി ജീവിക്കണമെന്ന് ആഗ്രഹമുളള കുട്ടിയായിരുന്നു കല്യാണി. വിദേശത്ത് പഠനം കഴിഞ്ഞ കല്യാണിക്ക് സിനിമയിലെ ആർട്ട് വർക്കിൽ താൽപര്യമുണ്ടായി. അങ്ങനെ ആർട്ട് ഡയറക്ടർ സാബു സിറിൽ വഴി നയൻതാരയും വിക്രമും പ്രധാന വേഷങ്ങളിലെത്തിയ ഇരുമുഖം എന്ന ചിത്രത്തിൽ ആർട്ട് അസിസ്റ്റന്റായി. അവിടെ ഉളളവരെല്ലാം കല്യാണിയോട് സിനിമയിൽ അഭിനയിച്ചൂടെ എന്നാണ് ചോദിച്ചത്. അങ്ങനെ തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിച്ചത്.
പിന്നീട് തമിഴിൽ ശിവകാർത്തികേയന്റെ നായികയായി. അപ്പോഴേയ്ക്കും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീടാണ് ഹൃദയത്തിലും ബ്രോ ഡാഡിയിലും അഭിനയിച്ചത്. പ്രണവ് മോഹൻലാലുമൊത്ത് അഭിനയിച്ച ഹൃദയം സൂപ്പർഹിറ്റായിരുന്നു. ഓരോ സിനിമയുമായി കരാറിലേർപ്പെടുമ്പോൾ തന്നെ സംഭാഷണങ്ങൾ മുഴുവൻ പഠിക്കും. മലയാളം അത്രത്തോളം വഴങ്ങാത്തതിനാൽ ലിസിയുടെ സഹായത്തോടെ പഠിക്കും. ആന്റണി എന്ന സിനിമയിൽ ബോക്സിംഗ് കഥാപാത്രത്തിനായി കല്യാണി എടുത്ത പരിശീലനം കണ്ടി ലിസിക്ക് സങ്കടമുണ്ടായിട്ടുണ്ട്. പലപ്പോഴും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്.
കല്യാണിക്ക് ലിസിയെ വീണ്ടും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. അഭിനയിക്കാൻ തയ്യാറാണെന്ന് ലിസിയും പറഞ്ഞിട്ടുണ്ട്. സ്വന്തം പണം കൊണ്ട് കല്ല്യാണി ഫ്ളാറ്റും കാറുമൊക്കെ വാങ്ങി. ഇതിനിടെ കല്യാണിയുടെ വിവാഹം കഴിഞ്ഞു, ലിസിയും പ്രിയദർശനും പങ്കെടുത്തില്ല തുടങ്ങിയ ഒട്ടനവധി വാർത്തകൾ വന്നു. അതിനെക്കുറിച്ച് കല്യാണി പറഞ്ഞത്, എന്നെ സോഷ്യൽ മീഡിയ പല തവണ കല്യാണം കഴിപ്പിച്ചുവെന്നാണ്. ഒരു വിഭാഗം ആളുകൾക്ക് അറിയാനുളളത് കല്യാണിയെ പ്രണവ് വിവാഹം കഴിക്കുമോയെന്നാണ്. അത് പലരും ആഗ്രഹിക്കുന്നുണ്ട്.