
കാഴ്ചപരിമിതിയുള്ളവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം സമ്മാനിച്ച ബ്രെയിലി ലിപി പിറന്നിട്ട് 2024-ല്‍ രണ്ടുനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോകത്തിന്റെ നിറങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് അക്ഷരങ്ങളിലൂടെ ഉള്‍ക്കാഴ്ചയിലേക്ക് ആ നിറങ്ങള്‍ പകരാന്‍ ലിപിക്ക് സാധിച്ചു.
1809 ജനുവരി നാലിനാണ് ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലി ജനിച്ചത്. മൂന്നാം വയസ്സില്‍ അപകടത്തില്‍ കാഴ്ചനഷ്ടപ്പെട്ടു. എന്നാല്‍, പഠിക്കാനുള്ള മോഹം അദ്ദേഹത്തെ ഫ്രാന്‍സിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡ് യൂത്തിലെത്തിച്ചു. ഇവിടുത്തെ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം ചാള്‍സ് ബാബിയര്‍ സൈനികര്‍ക്ക് വെളിച്ചമില്ലാതെ നിര്‍ദേശങ്ങളും രഹസ്യങ്ങളും കൈമാറാന്‍ തയ്യാറാക്കിയ സംവിധാനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബ്രെയിലി ലിപി തയ്യാറാക്കിയത്. 1824-ല്‍ 15-ാം വയസ്സില്‍ ഈ ലിപി അദ്ദേഹം അവതരിപ്പിച്ചു.
ഫ്രഞ്ച് അക്ഷരമാല അനുസരിച്ചായിരുന്നു ആദ്യം ലിപി തയ്യാറാക്കിയത്. ഒരു മെട്രിക്‌സില്‍ ഉള്‍പ്പെട്ട ആറുകുത്തുകളാണ് കട്ടിയുള്ള കടലാസുകളില്‍ പതിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്റ്റേറ്റും സ്‌റ്റൈലസും ഉപയോഗിച്ചാണ് എഴുതിയിരുന്നത്. പിന്നീട് ബ്രെയിലറുകള്‍ വന്നു. അലുമിനിയത്തില്‍ ലിപി തയ്യാറാക്കി അത് കടലാസുകളിലേക്ക് മാറ്റുന്ന രീതിയും നിലവിലുണ്ടായിരുന്നു.
പിന്നീട് കംപ്യൂ ട്ടറൈസ്ഡ് ബ്രെയില്‍ എമ്പോസേഴ്സ് വന്നു. എഴുതുമ്പോള്‍ വലതുനിന്ന് ഇടത്തേക്കാണ് എഴുതുക (കുത്തിടുക). വായിക്കുന്നത് ഇടതുനിന്ന് വലത്തേക്കും. കടലാസില്‍ എഴുതുന്ന ഭാഗത്തി ന്റെ എതിര്‍വശത്തുനിന്ന് വായിക്കുന്നതുകൊണ്ടാണിത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് നിലവിലുള്ള ഒരു ഏകീകൃത ബ്രെയിലി കോഡാണ് 1951-ലെ ഭാരതി കോഡ്. ഇതനുസരിച്ചാണ് മലയാളം ഉള്‍പ്പെടെയുള്ളവ എഴുതുന്നത്.
1986-ലാണ് തിരുവനന്തപുരത്ത് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ നേതൃത്വത്തില്‍ ബ്രെയിലി പ്രസ് ആരംഭിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സി. ഹബീബ് പറഞ്ഞു. 2023-ല്‍ കണ്ണൂരില്‍ മറ്റൊരു പ്രസും ആരംഭിച്ചു. ദെഹ്‌റാദൂണ്‍ ആസ്ഥാനമായ നാ ഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസാണ് ഇതിനായി സാമ്പത്തികസഹായം നല്‍കിയത്. ഈ പ്രസുകളില്‍നിന്നാണ് കാഴ്ചപരിമിതിയുള്ള കുട്ടികള്‍ ക്കായുള്ള പാഠപുസ്തകങ്ങള്‍ അച്ചടിച്ച് സൗജന്യമായി വിതരണംചെയ്യുന്നത്.
ലിപി നേരിടുന്ന വലിയ പ്രതിസന്ധി തുടര്‍ച്ചയായ സ്പര്‍ശനം കാരണം കുത്തുകള്‍ അമര്‍ന്ന് ഇല്ലാതാവുന്നതാണ്. മലയാളത്തിലുള്ള ഒരു പുസ്തകം ലിപിയിലേക്ക് മാറ്റുമ്പോള്‍ വലുപ്പം നാലിരട്ടിയോളമാവും. കടലാസുകളുടെ വില ഉയരുന്നതും പ്രതിസന്ധിയാണ്.
വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സൗജന്യപാഠപുസ്തകം നല്‍കുമ്പോള്‍ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന് കെ.എഫ്. ബി. മുന്‍ പ്രസിഡന്റ് സി.കെ. അബ്ദുള്‍ ഹക്കീം പറഞ്ഞു.