എണ്ണമാലിന്യത്തിൽ അവശരായ ജലപക്ഷികൾ, ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേയ്ക്ക്


ചെന്നൈ: പ്രളയത്തെത്തുടർന്നുള്ള എണ്ണമാലിന്യത്തിൽ കുതിർന്ന് അവശരായ ജലപക്ഷികൾ ചെന്നൈ ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേക്ക് ചിറകുവിടർത്തുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ബെസന്റ് മെമ്മോറിയൽ അനിമൽ ഡിസ്പെൻസറിയിലെയും സന്നദ്ധ പ്രവർത്തകരും തമിഴ്‌നാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് എന്നൂരിൽനിന്ന് രക്ഷപ്പെടുത്തിയ പെലിക്കനുകളുടെ ശരീരത്തിൽനിന്ന് എണ്ണമാലിന്യം മാറ്റുന്നത്.

ഡിസംബർ ആദ്യവാരം ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ മണലി പ്ലാന്റിന്റെ വളപ്പിൽ ഉണ്ടായിരുന്ന എണ്ണമാലിന്യം വെള്ളത്തിൽ കലർന്നത്. ഇത് ബക്കിങ്ങാം കനാലിലും എന്നൂർ ഉൾക്കടലിലും എത്തിയതോടെ പരിസരവാസികൾക്കൊപ്പം ജലപക്ഷികളും ദുരിതത്തിലായി. വെള്ളത്തിൽ ഇരതേടുന്ന പെലിക്കനുകളുടെ ചിറകിലും തൂവലുകളിലും എണ്ണ ഒട്ടിപ്പിടിച്ചു. തൂവെള്ള നിറമുണ്ടായിരുന്ന പക്ഷികൾ ഇരുണ്ട നിറമായി. അവയ്ക്ക് ശരിയായി പറക്കാനോ നീന്താനോ പറ്റാതായി. അറുപതോളം പക്ഷികളെ ഇത് ബാധിച്ചു എന്നാണ് കണക്കാക്കുന്നത്.

എണ്ണയിൽ കുതിർന്ന പെലിക്കനുകളിൽ പത്തെണ്ണത്തിനെ വലവെച്ചു പിടിച്ചാണ് ഗിണ്ടിയിലെത്തിച്ചത്. തുടർന്ന് സന്നദ്ധ പ്രവർത്തകർ ചിറകിലും ശരീരത്തിലും ആദ്യം സസ്യ എണ്ണ പുരട്ടി. തുടർന്ന് പാത്രങ്ങൾ കഴുകുന്ന ലായനി കലർത്തിയ വെള്ളം കൊണ്ട് കഴുകി. കൊക്കിലെ എണ്ണപ്പാളി ബ്രഷ് ഉപയോഗിച്ച് നീക്കി. എണ്ണമാലിന്യത്തിൽപ്പെട്ട പക്ഷികളെ പൂർവസ്ഥിതിയിലാക്കാൻ ലോകത്തെങ്ങും അവലംബിക്കുന്ന മാർഗം ഇതാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ ഇ. പ്രശാന്ത് പറഞ്ഞു.

എണ്ണയിൽ കുതിർന്ന ബാക്കി പക്ഷികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പ്രളയജലം ഒഴുകിയെത്തിയതോടെ കടലിൽ 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ എണ്ണ പടർന്നിരുന്നു. എണ്ണ മാലിന്യം പൂർണമായി നീക്കിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വെള്ളം മലിനമായതോടെ അപ്രത്യക്ഷരായ പക്ഷികൾ ഇപ്പോൾ തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. എന്നൂർ കടലിടുക്കിൽ ഇരുനൂറോളം പക്ഷികളെ കണ്ടതായി പക്ഷിനിരീക്ഷകർ പറഞ്ഞു.


Read Previous

ഇന്ന് ലോക ബ്രെയിലി ദിനം

Read Next

മദ്യപിയ്ക്കുന്നതിനിടെ കൂലിയെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular