
നഗ്നരായി മാത്രം പ്രവേശിയ്ക്കാന്‍ പറ്റുന്ന ബീച്ചുകള്‍ ലോകത്തുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നഗ്നരായി സഞ്ചരിയ്ക്കാന്‍ കഴിയുന്ന ആഡംബര ക്രൂസുകളുള്ള കാര്യം അറിയാമോ? അത്തരമൊരു ആഡംബര ക്രൂസ് അടുത്ത വര്‍ഷം യാത്ര ആരംഭിക്കും. മയാമിയില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് സഞ്ചരിക്കുന്ന ഈ കപ്പലില്‍ സഞ്ചാരിള്‍ക്ക് പൂര്‍ണ നഗ്നരായി കടല്‍ സഞ്ചാരം ആസ്വദിക്കാം.
നോര്‍വീജിയന്‍ ക്രൂസ് ലൈന്‍ എന്ന കമ്പനിയുടെ നോര്‍വീജിയന്‍ പേള്‍ എന്ന കപ്പലാണ് ഈ നഗ്ന ക്രൂസ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. 2025 ഫെബ്രുവരി മൂന്നിനാണ് ഈ കപ്പല്‍ മയാമി തീരത്ത് നിന്ന് പുറപ്പെടുക. ഒരു ലക്ഷം രൂപ മുതല്‍ 27 ലക്ഷം രൂപ വരെയാണ് 11 രാത്രികള്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്രയുടെ ടിക്കറ്റ് നിരക്ക്. 2300 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് നോര്‍വീജിയന്‍ പേള്‍.
യാത്ര പുറപ്പെടുമ്പോഴും തുറമുഖങ്ങളില്‍ അടുക്കുമ്പോഴും യാത്രികര്‍ വസ്ത്രം ധരിച്ചിരിക്കണമെന്ന് കമ്പനി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. കപ്പല്‍ യാത്ര ആരംഭിച്ച് അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ യാത്രികര്‍ നഗ്നരാവാന്‍ പാടുള്ളു. അതോടൊപ്പം ഡൈനിങ് റൂം ഉള്‍പ്പടെയുള്ള കപ്പലിലെ ചിലയിടങ്ങളില്‍ നഗ്നരായി പ്രവേശിക്കാന്‍ പാടില്ല. ഒപ്പം അനുമതിയില്ലാതെ സഹയാത്രികരുടെ ചിത്രങ്ങളെടുക്കാന്‍ പാടില്ല.
അതേസമയം ഈ ക്രൂസ് യാത്രയിലൂടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികതയുടെ ആഘോഷമല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ട്. വേര്‍തിരിവുകളില്ലാതെ സ്വാഭാവികമായുള്ള ശാന്തമായ ഒരു ക്രൂസിങ് അനൂഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം. വസ്ത്രങ്ങളുടെ ഭാരമില്ലാതെ കടല്‍യാത്രകള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളാണ് ഈ യാത്രയില്‍ പങ്കാളികളാവുകയെന്നും സംഘാടകരായ ബെയര്‍ നെസസ്സിറ്റീസ് വ്യക്കമാക്കുന്നു. നേരത്തെയും നഗ്നക്രൂസ് യാത്രകള്‍ സംഘടിപ്പിച്ച് വാര്‍ത്തകളില്‍ ഇടനേടിയ കമ്പനിയാണ് ഇത്.