ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുവിതാംകൂര്‍ ഭാഗത്ത് പഞ്ചമഹാക്ഷേത്രങ്ങള്‍ എന്ന പേരില്‍ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ അറിയപ്പെട്ടിരുന്നു. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് പൂജാ ക്രമങ്ങള്‍ ഏറെ വിശേഷപ്പെട്ടതായതിനാലും ഭക്തജനങ്ങള്‍ കൂടുതലായി എത്തുന്നതിനാലും ആണ് മഹാക്ഷേത്രങ്ങള്‍ എന്ന പദവി ഈ ദേവാലയങ്ങള്‍ക്ക് ലഭിച്ചത്. പദവി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു മഹാക്ഷേത്രത്തില്‍ നിത്യേന അഞ്ചു പൂജകളും നവകാഭിഷേകവും ഉണ്ടായിരിക്കണം.
അമ്പലപ്പുഴ ക്ഷേത്രം സ്ഥാപിച്ചത് ചരിത്രകാരന്‍മാരുടെയിടയില്‍ ദക്ഷിണഭോജനെന്ന പേരിലറി യപ്പെടുന്ന പൂരാടം പിറന്ന ദേവനാരായണന്‍ എന്ന ചെമ്പകശ്ശേരി രാജാവാണ്. അക്കാലം മുതല്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്നിരുന്ന അമ്പലപ്പുഴ വേലകളിയെപ്പറ്റിയും അതേക്കുറിച്ച് പ്രചുരപ്രചാരത്തിലുളള ഒരു പഴഞ്ചൊല്ലിനെപ്പറ്റിയും പരാമര്‍ശിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. രാജഭരണം നിലവിലുണ്ടായിരുന്നപ്പോള്‍ അവിടുത്തെ രാജഭടന്മാര്‍ ഉപയോഗി ച്ചിരുന്ന ഔദ്യോഗിക സൈനിക വേഷമാണ് ഇന്നത്തെ വേലകളിക്കാരുടെ വേഷം.
ഓരോ വര്‍ഷവും രാജ്യത്തിന്റെ ആയുധശക്തിയും ഭടന്മാരുടെ മെയ്യഭ്യാസമികവുകളും ഭഗവാനെയും രാജാവിനെയും ബോധ്യപ്പെടുത്തുന്നതിലേക്കാണ് തിരുമുമ്പില്‍ വേല നടത്തുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് കുളത്തില്‍ വേലയും തിരുമുമ്പില്‍ വേലയും നടക്കും. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെയാണ് വേലകളി നടക്കുക. സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിയുടെ മുന്നില്‍ റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുന്നതുപോലെയാണ് തിരുമുമ്പില്‍ വേലയെന്ന് സാരം. ഭഗവാന്റെ എഴുന്നള്ളിപ്പി നോടൊപ്പം രാജപ്രതിനിധിയും വേലകളി കാണാന്‍ എത്തുന്ന ചടങ്ങ് ഇന്നും തുടര്‍ന്നുവരുന്നു.
ഇന്ന് സാംസ്‌കാരിക കേരളത്തിന്റെ പ്രതീകമെന്ന നിലയില്‍ അന്യസംസ്ഥാനങ്ങളിലും ദല്‍ഹിയിലെ റിപ്പബ്ലിക്ദിന പരേഡിലും ഒഴിച്ചു കൂടാനാവാത്ത ഒരു കലാരൂപമാണ് അമ്പലപ്പുഴ വേലകളി. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ജാഥകളിലും മേളകളിലുമെല്ലാം അമ്പലപ്പുഴ വേലകളി കേരളീയ സംസ്‌കാരത്തനിമയുടെ പ്രതീകമായി പ്രദര്‍ശിപ്പിച്ചുവരുന്നു. 2017 ല്‍ അമ്പലപ്പുഴയില്‍ നടന്ന 34-ാമത് ശ്രീമദ് ഭാഗവതസത്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ആദരണീയ ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്രാ മഹാജനേയും വിശിഷ്ടാതിഥികളേയും സ്വീകരിച്ചത് അമ്പലപ്പുഴ വേലകളിയുടെ അകമ്പടിയോടെയാണ്.
ചെമ്പകശ്ശേരി രാജാവിന്റെ സേനാനായകരായിരുന്ന വെള്ളൂര്‍ – മാത്തൂര്‍ കുടുംബക്കാര്‍ക്കാണ് വേലകളി ക്ഷേത്രത്തില്‍ അവതരിപ്പിക്കാനുള്ള അവകാശം. എന്നാല്‍ ഇടക്കാലത്ത് വേലകളി പഠിച്ച് അമ്പലങ്ങളില്‍ അവതരിപ്പിക്കുന്നതിന് കുട്ടികളുടെ എണ്ണം കുറയുന്ന അവസ്ഥയെത്തി. ഇത്തരുണ ത്തില്‍ അമ്പലപ്പുഴ വേലകളിക്ക് വീണ്ടും ഇത്രമാത്രം ജനാഭിമുഖ്യം ഉണ്ടാക്കിയെടു ക്കുന്നതിന് യശഃശ്ശരീരനായ മാത്തൂര്‍ മോഹനന്‍കുഞ്ഞുപണിക്കര്‍ നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ട വയാണ്. വേലകളി അഭ്യസിക്കുന്നതിന് താല്‍പര്യപ്പെട്ട് മാത്തൂര്‍, വെള്ളൂര്‍ കളരിയുമായി ബന്ധപ്പെട്ട കുടുംബങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞ് വന്നു.
കാലക്രമേണ വേലകളി ക്ഷേത്ര ചടങ്ങുകളില്‍ നാമമാത്രമായിത്തീരുമോ എന്ന ആശങ്ക സംജാതമായി. ഇതെല്ലാം മുന്‍കൂട്ടി കണ്ട് മാത്തൂര്‍ കാരണവര്‍ മോഹനന്‍കുഞ്ഞുപണിക്കര്‍ നാനാജാതിയിലും പെട്ട കുട്ടികള്‍ ആരെങ്കിലും വേലകളി അഭ്യസിക്കാനായി മാത്തൂര്‍ ഭവനത്തിലെത്തിയാല്‍ അവരെ സസന്തോഷം വേലകളി പഠിപ്പിച്ചു.
യാതൊരു ഫീസും ഈടാക്കിയില്ല എന്ന് മാത്രമല്ല അഭ്യാസമെല്ലാം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് ചായയോ ലഘുഭക്ഷണമോ ഒക്കെ നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ കുട്ടികളെ വിളിച്ചു കൊണ്ടുവരുവാന്‍ ഈ വിദ്യാര്‍ത്ഥികള്‍ മുഖേന ആഹ്വാനവും നടത്തി. ഇന്ന് അമ്പലപ്പുഴയിലെ ഓരോ വീട്ടിലും ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്നതനുസരിച്ച് രക്ഷാകര്‍ത്താക്കള്‍ അവരെ വേലകളി പഠിപ്പിക്കാനായി ഇന്നത്തെ മാത്തൂര്‍ കാരണവര്‍ രാജീവ് പണിക്കരുടെ കളരിയിലേക്ക് വിടുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്നും വേലകളിക്കാര്‍ക്ക് കൊടുക്കുന്ന വേതനം തുലോം തുച്ഛമാണെങ്കിലും വേലകളിക്കാരുടെ എണ്ണം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടി കൂടി വരുന്നുണ്ട്.
മോഹനന്‍കുഞ്ഞുപണിക്കര്‍ തുടങ്ങിവച്ച നിഷ്‌കാമ കര്‍മ്മത്തിന്റെ ഫലം കൊണ്ടും രാജീവ്പ ണിക്കര്‍ അതേ പ്രവര്‍ത്തന ശൈലി തുടര്‍ന്നു വരുന്നു എന്നതു കൊണ്ടുമാണത്. മാത്തൂര്‍ കൂടുംബ ക്കാരുടെ മൂല കുടുംബവും കളരിയുമൊക്കെ നെടുമുടി കൊട്ടാരം ക്ഷേത്രത്തിനടു ത്തായിരുന്നു. നായര്‍ സമുദായത്തില്‍പ്പെട്ട ഈ കുടുംബക്കാര്‍ക്ക് രാജാവ് കല്‍പ്പിച്ചു കൊടുത്തതാണ് പണിക്കര്‍ സ്ഥാനം. വെള്ളൂര്‍ കുറുപ്പന്‍മാരുടെ കളരി ചമ്പക്കുളത്ത് ആയിരുന്നു. ഇവര്‍ ആയുര്‍വേദ-തിരുമ്മ്-മര്‍മ്മാണി ചികിത്സയില്‍ അതി വിദഗ്ദ്ധരായിരുന്നു. യുദ്ധത്തില്‍ പരിക്ക് പറ്റുന്ന സൈനികരെ ചികിത്സിക്കുന്ന ജോലിയും ഇവര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഒരു ചൊല്ല് പ്രാബല്യത്തിലുണ്ടായിരുന്നു: ”അടിയും തടയും മാത്തൂര്‍ക്കും ഒടിവും ചതവും വെള്ളൂര്‍ക്കും.”
ക്ഷേത്രത്തിലെ നാടകശാലയുടെ കിഴക്കേയറ്റത്ത് വടക്കോട്ടുള്ള മേല്‍ക്കൂരയിലെ എടുപ്പില്‍ രണ്ട് പടനായകര്‍ പരസ്പരം യുദ്ധം ചെയ്യുന്ന മുറയിലുള്ള പ്രതിമകള്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിക്കാറുണ്ട്. ഇത് മാത്തൂരേയും വെള്ളൂരേയും കാരണവര്‍മാരെ പ്രതിനിധീകരിക്കുന്നതാണ്. ഉത്സവം മുറുകുന്നതിന്നനുസരിച്ച് ഓരോ ഉല്‍സവ ദിവസങ്ങളിലും വേലകളി അവതരിപ്പിക്കേണ്ട സമയം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസങ്ങളില്‍ അരത്താളവും നാല്, അഞ്ച് ഉത്സവത്തിന് ഒരു താളവും ആറ്, ഏഴ് ദിവസങ്ങളില്‍ രണ്ട് താളവും എട്ട് ഒന്‍പത് ഉത്സവത്തിന് നാല് താളവും വേണ്ട സമയമെടുത്താണ് വേല കളിക്കേണ്ടത്.. ഒരു താളത്തിനെടുക്കുന്ന സമയം ഇരുപത് മിനിറ്റില്‍ താഴെയായിരിക്കും.
‘കൊച്ചി കണ്ടാല്‍ അച്ചി വേണ്ട, കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട അമ്പലപ്പുഴ വേല കണ്ടവന് അമ്മയും വേണ്ട’ എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്.
ഇതിലെ ആദ്യത്തെ രണ്ട് വരികളിലെ അര്‍ത്ഥം സുവ്യക്തമാണ്. മൂന്നാമത്തെ വരിയിലെ ‘അമ്പലപ്പുഴ വേല’ എന്നതിന്റെ വിവക്ഷ മേല്‍ വിവരിക്കപ്പെട്ട വേലകളിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അമ്പലപ്പുഴ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വേലകളി കണ്ടാല്‍ ആരെങ്കിലും സ്വന്തം അമ്മയെ ഉപേക്ഷിക്കുമോ? ഇതിനെക്കുറിച്ച് പലവട്ടം ചിന്തിച്ചിട്ടും യുക്തിപൂര്‍വമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ എന്ന ആപ്ത വാക്യത്തില്‍ പെറ്റനാട് സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമെന്ന്് പറയുന്നു. അങ്ങിനെയെങ്കില്‍ അമ്മയേയും വേണ്ടാന്ന് വയ്ക്കാന്‍ ഉതകുന്ന അമ്മയെക്കാള്‍ മഹത്തരമായതെന്താണ്? അത് ഇവിടത്തെ കുളത്തില്‍ വേലയും തിരുമുമ്പില്‍ വേലയുമാണോ? അതല്ല മേല്‍പ്പുത്തൂരിന്റെ ഭാഷയില്‍ എല്ലാത്തിലും വലുത് ഭഗവത് ദര്‍ശനമാണെന്ന് പറയുന്നു.
‘നാലം ബാലമൃഗീദൃശാം കുച തടാദ്യാവര്‍ത്തിതും കുത്രചി –
ന്നാലംവാ ലളിതേഷു കാവ്യസരസാലാ പേഷ്വനാ ക്രീഡിതും
ലോലം മേ ഹൃദയം തതാപിഗഗന സ്രോതസ്വിനീ സംഗിനം
ലോലംബ ദ്യുതിലോഭനീയവപുഷം ബാലം ബതാലംബതേ’
‘ക്ഷേത്രദര്‍ശനത്തിനും പാല്‍പായസത്തിന് പാല്‍ അളക്കുന്നതിനും വേണ്ടി അതീവസുന്ദരികളും ആരെയും മദിപ്പിക്കുന്ന അംഗലാവണ്യവും പേടമാന്‍ മിഴികളുമുള്ള ധാരാളം സ്ത്രീ ജനങ്ങള്‍ ഒരു വശത്തും കല, സാഹിത്യം, പാണ്ഡിത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന രാജാവ് മറുവശത്തു മായി നില്‍ക്കുന്നുണ്ടെങ്കിലും അവയില്‍ നിന്ന് തന്റെ ശ്രദ്ധ മാറ്റാന്‍ എളുപ്പമല്ല എന്നറിയാമെങ്കിലും ഭഗവാന്റെ മനോഹര രൂപം കാണുമ്പോള്‍ ഇതിനൊന്നും തന്റെ മനസ്സിനെ കീഴടക്കാന്‍ കഴിയുകയി ല്ലെന്നും തന്റെ മനസ്സ് ഭഗവാനില്‍ മാത്രം ലയിപ്പിക്കുകയാണെന്നും എല്ലാം മറന്ന് ഭഗവാനെ ആശ്രയിക്കുവാനും അവലംബിക്കുവാനും തോന്നുന്നു, എന്നുമാണ് മേല്‍ ഉദ്ധരിച്ച ശ്ലോകത്തിന്റെ അര്‍ത്ഥം.
ഇവിടെയെത്തി ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് എന്നും ഭഗവാനെ കണ്ട് തൊഴണമെന്ന ചിന്തയുണ്ടായാല്‍ അതല്ലേ അമ്പലപ്പുഴ വേല എന്നും വിളിക്കാവുന്ന അമ്പലപ്പുഴ കൃഷ്ണന്റെ ലീലാവിലാസങ്ങള്‍ എന്ന് കണ്ടെത്താന്‍ സാമാന്യബുദ്ധി മതി. അമ്മയെയും ഉപേക്ഷിക്കാന്‍ തോന്നിപ്പിക്കുന്നത് യാതൊന്നാണോ അത് ഇവിടെയെത്തിയാല്‍ ആരിലും ജനിപ്പിക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഈശ്വരാന്വേഷണത്വരയുമാണ്. അതല്ലേ യഥാര്‍ത്ഥ വേലയും?
അമ്പലപ്പുഴ ക്ഷേത്രത്തില്‍ രണ്ട് പേരുകളിലറിയപ്പെടുന്ന വേലകളിയാണ് നടക്കാറുള്ളത്. ആദ്യത്തേത് കുളത്തില്‍ വേലയും രണ്ടാമത്തേത് തിരുമുമ്പില്‍ വേലയും. കുളത്തില്‍ വേലയെന്നാണ് പേരെങ്കിലും കുളത്തില്‍ വേലക്ക് മുന്നോടിയായുള്ള വേലകളി വൈകുന്നേരം അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ നിന്നാണ് തുടങ്ങുന്നത്. തകഴി റോഡിന് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍ത്തറയുടേയും കാണിക്കമണ്ഡപ ത്തിന്റെയും സമീപത്ത് നിന്ന് മാത്തൂര്‍ വെള്ളൂര്‍ സെറ്റുകളില്‍ ഒരു സെറ്റുകാര്‍ വേലകളി തുടങ്ങി കടകമ്പോളങ്ങള്‍ക്ക് മുന്നിലൂടെ കളിച്ച് ഗോപുരത്തിലെത്തുമ്പോള്‍ മറ്റേ സെറ്റും അവരെ സ്വീകരിച്ച് അവരോടൊപ്പം ചേരുന്നു. ഗോപുരവാതില്‍ക്കല്‍ കാത്ത് നിന്ന് സ്വീകരിക്കുന്നവരെ ഗോപുരം കാവല്‍ക്കാരെന്നും പടിഞ്ഞാറു നിന്ന് വരുന്നവരെ യുദ്ധം ജയിച്ചെത്തിയ പടയായും കണക്കാക്കുന്നു.
പിറ്റേ ദിവസം ഗോപുരം കാവല്‍ക്കാര്‍ ആല്‍ത്തറയില്‍ നിന്നും വേലകളി തുടങ്ങുകയും തലേ ദിവസം ആല്‍ത്തറയില്‍ നിന്ന് വേലകളിച്ച് വന്നവര്‍ അടുത്തദിവസത്തെ ഗോപുരം കാവല്‍ക്കാരായും മാറുന്നു. രാജ്യത്തിനുവേണ്ടി യുദ്ധം ജയിച്ചെത്തിയ പടയെ ഗോപുരം കാവല്‍ക്കാര്‍ സ്വീകരിച്ച് ആനയിക്കുന്നതായിട്ടാണ് സങ്കല്‍പം. ഇതിനിടയില്‍ ഭഗവാന്റെ എഴുന്നള്ളത്ത് പടിഞ്ഞാറെ നടയില്‍ എത്തിയിട്ടുണ്ടാകും. തുടര്‍ന്ന് ഇരുകൂട്ടരും കളത്തട്ടിന്റെ തെക്കുവശത്തുവച്ച് കൂട്ടിപ്പെരുപ്പിനും കൂട്ടിയോജിപ്പിനും ശേഷം വടക്കേ നടയിലെത്തി കിഴക്കോട്ട് നോക്കി നില്‍ക്കുന്ന എഴുന്നള്ളിപ്പിന് മുന്നില്‍ അണിനിരന്ന് വേലകളി അവതരിപ്പിക്കുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഏഴാം ഉത്സവദി വസം തകഴിയില്‍ നിന്നെത്തുന്ന വേല കൊടി കുട പുറപ്പാടിനോടൊപ്പമെത്തുന്ന വേലകളിക്കാരും മാത്തൂര്‍ വെള്ളൂര്‍ സെറ്റിനോടൊപ്പം ചേര്‍ന്ന് വേലകളിയില്‍ പങ്കെടുക്കും.
നിശ്ചിത താളത്തിനു ശേഷം വേലകളിക്കാര്‍ കുളത്തിന്റെ പടവുകളിറങ്ങി കുളത്തിനു ചുറ്റും പണിതിരിക്കുന്ന പടിയിലൂടെ നടന്ന് അര്‍ദ്ധവൃത്താകാരത്തില്‍ കുളത്തില്‍ നിന്ന് വേലകളിക്കുന്നു. (തകഴിയില്‍ നിന്നെത്തുന്നവര്‍ കുളത്തില്‍ വേലയില്‍ പങ്കെടുക്കാറില്ല). എഴുന്നള്ളിപ്പും കിഴക്കോട്ടു നീങ്ങി കുളത്തിന്റെ പടിഞ്ഞാറ് വശത്ത് എത്തി കുളത്തില്‍ നടക്കുന്ന വേലകളി വീക്ഷിക്കുന്നു. കുളത്തിലെ വേലകളി കഴിയുമ്പോള്‍ കളിക്കാര്‍ കുളത്തിന്റെ തെക്കേ പടവിലൂടെ നടന്ന് കയറുന്നു. എഴുന്നള്ളത്ത് സേവപ്പന്തലിലേക്കും നീങ്ങുന്നു. സേവയ്ക്ക് ശേഷം ഒന്‍പത് മണിയോടെ ഭഗവാന് അഭിമുഖമായി നടത്തുന്ന വേലകളിയാണ് തിരുമുമ്പില്‍ വേല. ഈയവസരത്തില്‍ രാജപ്രതിനിധി തെക്കേ മഠത്തിന്റെ (ദേവസ്വം കച്ചേരി) പൂമുഖത്തിരുന്ന് വേലകളി കാണുകയും ചെയ്യും. കുളത്തില്‍ നടക്കുന്ന വേലയ്ക്കാണ് കാഴ്ച്ചക്കാര്‍ ഏറെയെത്തുന്നത്.
അമ്പലപ്പുഴ വേലകളി ഇത്രമാത്രം ആകര്‍ഷകമാകാനും പഴഞ്ചൊല്ല് രൂപപ്പെടാനും മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ അമ്പലപ്പുഴ പ്രദേശത്തുള്ള കുഞ്ഞുങ്ങള്‍ എല്ലാ ദിവസവും കുളത്തില്‍ വേല കാണുന്നതിന് രക്ഷാകര്‍ത്താക്കളുമായി എത്തും. അച്ഛന്റെ തോളിലിരുന്നു തുള്ളിക്കളിച്ചും അമ്മയുടെ കൈപ്പിടിയില്‍ നിന്നും കുതറിയോടിയും കുട്ടികള്‍ വേലകളി കാണുന്നത് മതിമറന്നാണ്. അളവില്ലാത്ത ആഹ്‌ളാദമനുഭവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ഭഗവാനില്‍ ബാല്യകാല സ്മരണകളും ഗൃഹാതുരത്വവും ഉണര്‍ന്നു. ഈ പ്രായത്തിലുള്ള കുട്ടികളുടെ മാനസികാവസ്ഥയില്‍ അമ്പലപ്പുഴ വേലകളി കാണണമെന്ന് ഭഗവാന് തോന്നിയത്രേ.
വാര്‍ദ്ധക്യത്തിലെത്തിയ മനുഷ്യര്‍ കലാലയ ജീവിതത്തിലെയും സ്‌കൂള്‍ ജീവിതത്തിലേയും അനുഭവങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ ആകാലഘട്ടത്തിലേക്കൊന്നു തിരികെ പോകാന്‍ നാം വൃഥാ മോഹിക്കാറുണ്ട്. പക്ഷെ ഭഗവാന് അത്തരമൊരു താല്‍പര്യം വന്നാല്‍ അത് അസാധ്യവുമല്ലല്ലോ. ഒരിക്കല്‍ ഉത്സവനാളുകളില്‍ ഒരു ദിവസം നാലഞ്ച് വയസ്സ് പ്രായത്തിലുള്ള കുട്ടിയുടെ വേഷത്തില്‍ യശോദാ മാതാവിനോടൊപ്പം ഭഗവാന്‍ വേലകളി കാണാന്‍ തുടങ്ങി.
മേളത്തിന്റെ താളം മുറുകി കളിയുടെ ചുവടുകള്‍ ചടുലമായിക്കഴിഞ്ഞപ്പോള്‍ യശോദയുടെ കയ്യില്‍ കുഞ്ഞില്ല. ആള്‍ക്കൂട്ടത്തില്‍ ഉണ്ണിയെ നഷ്ടപ്പെടുന്ന ഹൃദയവേദനയോടെ യശോദാമ്മ അന്വേഷണം തുടങ്ങി. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ഉണ്ണികൃഷ്ണന്‍ വേലകളിമേളക്കാരുടെ കൂട്ടത്തില്‍ കയറി നിന്ന് ആ ലാവണത്തില്‍ ജോലി ചെയ്യുന്ന മേളക്കാരുടെ ഗൗരവത്തോടെ സ്വയം മറന്ന് വപ്പ് കടിച്ചുകൊണ്ട് ഇലത്താളം വായിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് യശോദ കണ്ടത്. കുട്ടികളായിരിക്കുമ്പോള്‍ അമ്പലപ്പുഴ വേല കണ്ടവന് അമ്മയും വേണ്ട എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാണ് എന്ന് ഈ ഐതിഹ്യത്തില്‍ നിന്ന് മനസ്സിലാക്കാം.