എല്ലാ രാഷ്‌ട്രീയ കക്ഷികളും ജൂണ്‍ ഒന്ന് ആറരയാകാന്‍ കാത്തിരിക്കുകയാണ്; എന്താണ് എക്‌സിറ്റ് പോള്‍? എക്‌സിറ്റ് പോളുകളുടെ ചരിത്രം, ലോകത്തെ പ്രധാന എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍, എക്‌സിറ്റ് പോള്‍- ഒപീനിയന്‍ പോള്‍ വ്യത്യാസം, അറിയേണ്ടെതെല്ലാം.


ഇത്തവണ എല്ലാ രാഷ്‌ട്രീയ കക്ഷികളും ജൂണ്‍ ഒന്ന് ആറരയാകാന്‍ കാത്തിരിക്കുക യാണ്. ഇക്കുറി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്താകും പറയുന്നത് എന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായി ക്കഴിഞ്ഞിരിക്കുന്നു. ഇനി കേവലം ഏഴ് ദിനങ്ങള്‍ കൂടിമാത്രമാണ് രാജ്യം ഇനി ആര് ഭരിക്കും എന്നറിയാന്‍ അവശേഷിക്കുന്നത്. ഏഴാം ഘട്ട പോളിങ്ങ് ജൂണ്‍ ഒന്നിന് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. എല്ലാ രാഷ്‌ട്രീയ കക്ഷികളും ഏറെ ആശങ്കയോടെ ഓരോ ദിവസവും എണ്ണിക്കഴിയുകയാണ്. അതിനിടെ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂണ്‍ ഒന്ന് ശനിയാഴ്‌ച വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

ഈ അവസരത്തില്‍ എക്‌സിറ്റ് പോള്‍ എന്താണെന്നും എങ്ങനെയാണെന്നും അവയുടെ ചരിത്രവും പാളിയതും ഫലിച്ചതുമായ എക്‌സിറ്റ് പോളുകളെയും ഒക്കെ അറിയുന്നത് ഏറെ രസകരമായിരിക്കും.

വോട്ട് ചെയ്‌ത് കഴിഞ്ഞ് ബൂത്ത് വിടുന്ന വോട്ടര്‍മാരോട് ഏത് സ്ഥാനാര്‍ത്ഥിയോട് അല്ലെങ്കില്‍ പാര്‍ട്ടിയോടാണ് ആഭിമുഖ്യം എന്നാരായുന്ന രീതിയാണ് എക്‌സിറ്റ് പോള്‍. ആഗോള തലത്തില്‍ത്തന്നെ ഈ രീതിയിലാണ് എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നത്. പോളിങ്ങ് ബൂത്ത് വിടുമ്പോള്‍ത്തന്നെ ചോദിക്കുമ്പോള്‍ വോട്ടര്‍ സത്യം പറയാന്‍ സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നത്.

മുഖാമുഖം വോട്ടര്‍മാരെക്കണ്ട് നടത്തുന്ന എക്‌സിറ്റ് പോളുകളും ഓണ്‍ലൈന്‍ എക്‌സിറ്റ് പോളുകളുമുണ്ട്. അവസാന റൗണ്ട് വോട്ടിങ്ങ് കഴിയാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എക്‌സിറ്റ് പോളുകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കിലും പലപ്പോഴും ഇവര്‍ നടത്തുന്ന പ്രവചനം പാളിപ്പോകാറുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ കൂടിയാണ് എക്‌സിറ്റ് പോൾ സർവ്വേകൾ ആരംഭിച്ചത്. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ തുടങ്ങി. സീറ്റ് നില, വോട്ടിങ് ശതമാന കണക്ക് എന്നിവയാണ് എക്‌സിറ്റ് പോൾ സർവ്വേകൾ സാധാരണമായി പ്രവചിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ഏറെക്കുറെ ശരിയായി വന്നതും അപ്പാടെ തെറ്റിയതും ആയ ഒട്ടനവധി തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.

എക്‌സിറ്റ് പോൾ കണ്ടുപിടിച്ചത് ആരെന്ന കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. 1967 ഫെബ്രുവരി 15 ന് നടന്ന ഡച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ഇത് നടപ്പാക്കിയത് താനാണെന്ന് ഡച്ച് സോഷ്യോളജിസ്‌റ്റും മുൻ രാഷ്‌ട്രീയക്കാരനുമായ മാർസെൽ വാൻ ഡാം അവകാശപ്പെടുന്നു. എന്നാല്‍ വാറൻ മിറ്റോഫ്‌സ്‌കി എന്ന അമേരിക്കൻ പോൾസ്‌റ്ററാണ് ആദ്യത്തേതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. സിബിഎസ് ന്യൂസിനായി, അതേ വർഷം നവംബറിൽ നടന്ന കെൻ്റക്കി ഗവർണർ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു എക്‌സിറ്റ് പോൾ ആവിഷ്‌കരിച്ചതായി പറയപ്പെടുന്നു. 1940-കളിൽ തന്നെ എക്‌സിറ്റ് പോള്‍ നടന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കൊളറാഡോയിലെ ഡെൻവറിൽ വോട്ടെടുപ്പ് നടന്ന കാലത്താണ് ആദ്യത്തെ എക്‌സിറ്റ് പോളുകള്‍ നടന്നതെന്നും പറയപ്പെടുന്നു.

അമേരിക്കയില്‍ നാഷണൽ ഇലക്ഷൻ പൂൾ (NEP), സംയുക്ത തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ നടത്തുന്നു. 2018 ലെ കണക്കനുസരിച്ച്, എബിസി, സിബിഎസ്, സിഎൻഎൻ, എൻബിസി എന്നിവയാണ് എൻഇപി അംഗങ്ങൾ (മുമ്പ് എപി , ഫോക്‌സ് ന്യൂസ് എന്നിവയെയും ഉൾപ്പെടുത്തിയിരുന്നു). 2004 മുതൽ എഡിസൺ മീഡിയ റിസർച്ച് എൻഇപിക്ക് വേണ്ടി ഈ എക്‌സിറ്റ് പോൾ നടത്തി. എഡിസൺ പ്രോബബിലിറ്റി അടിസ്ഥാനമാക്കിയുള്ള സാമ്പിൾ ഉപയോഗിക്കുന്നു. 2020-ൽ 7,774 തെരഞ്ഞെടുപ്പ് ദിന വോട്ടർമാർക്കിടയിൽ രാജ്യവ്യാപകമായി 115 പോളിങ് ലൊക്കേഷനുകളുടെ റാൻഡം സാമ്പിളിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വ്യക്തിഗത അഭിമുഖങ്ങൾ നടത്തി. നേരത്തെയും ഹാജരാകാത്തവരുമായി 4,919 ടെലിഫോൺ അഭിമുഖങ്ങളും ഫലങ്ങളിൽ ഉൾപ്പെടുന്നു.

ഈജിപ്‌തിൽ, പൊതുജനാഭിപ്രായ ഗവേഷണത്തിനുള്ള ഈജിപ്ഷ്യൻ കേന്ദ്രം (ബസീറ) 2014-ൽ രണ്ട് എക്‌സിറ്റ് പോൾ നടത്തുന്നു. ഭരണഘടനാ റഫറണ്ടം എക്‌സിറ്റ് പോൾ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകൾ എന്നിവയാണവ. ദക്ഷിണ കൊറിയയിൽ കെബിഎസ്, എസ്‌ബിഎസ്, എംബിസി എന്നിവ സംയുക്ത എക്‌സിറ്റ് പോൾ നടത്തി രാജ്യത്തെ പ്രസിഡന്‍റിനെ തീരുമാനിക്കുന്നു.

ഇന്ത്യയിൽ, സ്വകാര്യ വാർത്താ പ്രക്ഷേപണ ചാനലുകളും, ടൈംസ് ഗ്രൂപ്പ് , യശ്വന്ത് ദേശ്‌മുഖിന്‍റെ സീ വോട്ടർ , ഇന്ത്യ ടുഡേ തുടങ്ങിയ പത്ര ഏജൻസികളും ചേർന്നാണ് എക്‌സിറ്റ് പോൾ നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിരവധി ഏജൻസികൾ എക്‌സിറ്റ് പോൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന് പുറമെ പ്രദീപ് ഗുപ്‌തയുടെ ആക്‌സിസ് മൈ ഇന്ത്യ, മാധവ് ഗോഡ്ബോലെയുടെ ടുഡേസ് ചാണക്യ, പരിജിത് ചക്രബര്‍ത്തിയുടെ ഐപ്സോസ് ഇന്ത്യ എന്നിവയും എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നടത്തുന്നു.

ഒരു അഭിപ്രായ വോട്ടെടുപ്പ് , പലപ്പോഴും ഒരു സർവേ അല്ലെങ്കിൽ ഒരു പ്രത്യേക സാമ്പിളിൽ നിന്നുള്ള പൊതുജനാഭിപ്രായത്തിന്‍റെ മനുഷ്യ ഗവേഷണ സർവേയാണ്. അഭിപ്രായ വോട്ടെടുപ്പുകൾ സാധാരണയായി ഒരു ജനവിഭാഗത്തിന്‍റെ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും തുടർന്ന് അവയുടെ അനുപാതത്തിലെ സാമാന്യതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്‌തതെന്ന് മനസിലാക്കാന്‍ എക്‌സിറ്റ് പോളുകള്‍ സഹായിക്കുന്നു.

2023 ഡിസംബറില്‍ ചില സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കിറു കൃത്യമായപ്പോള്‍ ചിലത് പാളിപ്പോയി. രാജസ്ഥാനിലും മധ്യപ്രദേശിലും മാത്രമേ ബിജെപി വിജയിക്കൂ എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയിരുന്ന സൂചന. ഛത്തീസ്‌ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ തയാറെടുപ്പുകളും നടത്തി. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കിറുകൃത്യമായി. എന്നാല്‍ ഛത്തീസ്‌ഗഡിലെ ഫലങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇവിടെയും ബിജെപി ജയിച്ച് കയറി.

2019-ൽ, ഏകദേശം രണ്ട് മാസം നീണ്ടുനിന്ന തീവ്രമായ ഏഴ് ഘട്ട തെരഞ്ഞെടുപ്പ് സീസണിന് ശേഷം, എക്‌സിറ്റ് പോളുകൾ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) മികച്ച വിജയം പ്രവചിച്ചു. വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന പ്രവചനങ്ങളോടെ, മൊത്തം 542 ലോക്‌സഭ സീറ്റുകളിൽ എൻഡിഎ 300 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യാ ടുഡേ-മൈ ആക്‌സിസ്, ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങൾ 350-ലധികം സീറ്റുകളുമായി ഭരണ സഖ്യത്തിന് വൻ വിജയം പ്രവചിച്ചു. ന്യൂസ്18 – ഐപിഎസ്ഒഎസ് സർവേയിൽ എൻഡിഎ വിജയിക്കു മെന്നായിരുന്നു പ്രവചനം. ടുഡേയ്‌സ് ചാണക്യ എന്‍ഡിഎയ്ക്ക് 350 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 292 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ എന്‍ഡിഎ ആകെ നേടിയത് 353 സീറ്റുക ളായിരുന്നു. ഭാരതീയ ജനതാ പാർട്ടിക്ക് 37.36% വോട്ട് ലഭിച്ചു, 1989 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഏറ്റവും ഉയർന്ന വോട്ട് വിഹിതം ആയിരുന്നു ഇത്.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ എക്‌സിറ്റ് പോളുകളുടെ പ്രസിദ്ധീകരണം വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരോധിത കാലയളവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രചരണവു മായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനമോ പരിപാടിയോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളെ കമ്മീഷന്‍ വിലക്കിയിരുന്നു.

ഇത്തവണ എല്ലാ രാഷ്‌ട്രീയ കക്ഷികളും ജൂണ്‍ ഒന്ന് ആറരയാകാന്‍ കാത്തിരിക്കുക യാണ്. ഇക്കുറി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്താകും പറയുന്നത് എന്നറിയാന്‍ നമുക്കും കാത്തിരിക്കാം.


Read Previous

അടുത്തിടെയായി തീപ്പൊരി വരുന്ന ഒരു തരം മെഴുകുതിരിയും ഇപ്പോൾ മാർക്കറ്റിൽ കിട്ടും. നിരവധി പേരാണ് ഇവ വാങ്ങി കേക്കിൽ വയ്ക്കുന്നത്. ഇത്രയും ദോഷകരമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും മെഴുകുതിരി കേക്കിൽ വയ്ക്കില്ല

Read Next

ശക്തമായ മഴ: സംസ്ഥാനത്ത് മരണം ആറായി, രണ്ട് പേരെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »