ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: നിര്‍ണായക ഘട്ടങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ ഉരുക്ക് വനിത എന്നൊക്കെ വിദേശ മാധ്യമങ്ങള്‍ വാഴ്ത്തിയ ഇന്ദിരാ ഗാന്ധി. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്തും തുടര്‍ന്നുള്ള സിംല കരാറിലും പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലത്തുമെല്ലാം രാജ്യം അത് കണ്ടതാണ്.
രൂപത്തിലും ഭാവത്തിലും മുത്തശിയെ ഓര്‍മ്മിപ്പിക്കുന്ന ചെറുമകള്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കു ന്നതിലും താന്‍ ഇന്ദിരാ ഗാന്ധിയുടെ തനിപ്പകര്‍പ്പാണന്ന് തെളിയിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടുയുമായി കോണ്‍ഗ്രസിന് സഖ്യ മുണ്ടാക്കാനായത്.
സീറ്റ് ധാരണ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്ന ഘട്ടത്തിലാണ് പ്രിയങ്കയുടെ അടിയന്തര ഇടപെടലുണ്ടായത്. ഒറ്റയ്ക്ക് മത്സരിക്കാമെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് പ്രിയങ്ക അഖിലേഷുമായി 17 സീറ്റില്‍ ധാരണയിലെത്തി സഖ്യം ഉറപ്പിച്ചു. ദേശിയ രാഷ്ട്രീയം പിന്നീട് കണ്ടത് അപ്രതീക്ഷിത അട്ടിമറിയായിരുന്നു.
മോഡി-യോഗി ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ നടുവൊടിച്ച്, മിന്നുന്ന പ്രകടനമാണ് യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം കാഴ്ച വച്ചത്. സഖ്യത്തിന്റെ ഫലം ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചു.
റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് 3,90,039 വോട്ടിന്റെ വലിയ ഭൂരിപക്ഷം ലഭിച്ചതും 2019 ല്‍ രാഹുല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മയെന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് അതേ സ്മൃതി ഇറാനിയെ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതും കോണ്‍ഗ്രസ്-എസ്.പി സഖ്യബലം കൊണ്ടു തന്നെയായിരുന്നു.
യഥാര്‍ത്ഥത്തില്‍ അവസാന നിമിഷം പ്രിയങ്ക ഗാന്ധി നടത്തിയ ചില ഇടപെടലുകളാണ് എസ്.പിയുമായുള്ള സഖ്യം സാധ്യമാക്കിയതും യു.പിയില്‍ കോണ്‍ഗ്രസിന്റെ ജാതകം തിരുത്തിക്കുറിച്ചതും.
ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ വര്‍ഷങ്ങളായി ബിജെപി നടത്തി വരുന്ന കഠിന ശ്രമങ്ങള്‍ കേരളത്തിലടക്കം ഫലം കണ്ടു തുടങ്ങിയ നിര്‍ണായക സാഹചര്യത്തിലാണ് രണ്ടാം ഇന്ദിരയെന്നും ജൂനിയര്‍ ഇന്ദിരയെന്നുമൊക്കെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷി പ്പിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ്.
ഗാന്ധി കുടുംബം വയനാടിനെ കൈവിടില്ല എന്നതിന് തെളിവാണ് പ്രിയങ്ക ഗാന്ധി യുടെ സ്ഥാനാര്‍ത്ഥിത്വം എന്ന രാഷ്ട്രീയ നിരീക്ഷണമൊക്കെ ഉയര്‍ന്നു വരുമ്പോഴും കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വ്യക്തമായൊരു പദ്ധതിയുണ്ട്… ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തടയിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യം.
വടക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ച സാഹചര്യത്തിലും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വച്ച പശ്ചാത്തലത്തിലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഹിന്ദി ഹൃദയ ഭൂമിയില്‍ നിലനിര്‍ത്തുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കടന്നു കയറ്റ ശ്രമം ചെറുക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സ്‌പെഷ്യല്‍ ടാര്‍ഗറ്റ് നല്‍കി സൗത്ത് ഇന്ത്യയിലേക്ക് അയച്ചിരിക്കുകയുമാണ് പാര്‍ട്ടി.
കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ 1950 കള്‍ മുതല്‍ തന്നെ നെഹ്റും കുടുംബത്തില്‍ നിന്നും രണ്ടു പേര്‍ എപ്പോഴും പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. ഇന്ദിര പ്രധാനമന്ത്രിയായപ്പോള്‍ അവര്‍ക്കൊപ്പം പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഇളയമകന്‍ സഞ്ജയ് ഗാന്ധിയുണ്ടായിരുന്നു.
സഞ്ജയ് ഗാന്ധിയുടെ മരണ ശേഷം ആ സ്ഥാനത്ത് രാജീവെത്തി. 1991 ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ സോണിയാ ഗാന്ധി രാഷ്ട്രീയത്തിലെത്തി. അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം പതിയെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കടന്നു വന്നു. ഇപ്പോള്‍ സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്നും ഏറെക്കുറെ വിരമിച്ച സാഹചര്യത്തില്‍ രാഹുലിന് കൂട്ടായി പ്രിയങ്ക നിര്‍ണായക റോളില്‍ എത്തുന്നു.
വയനാട്ടിലെ വിജയമല്ല യാഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. അത് ദക്ഷിണേന്ത്യയില്‍ ബിജെപിയെ ചെറുക്കുക എന്ന സുപ്രധാന ദൗത്യമാണ്. സാക്ഷാല്‍ നരേന്ദ്ര മോഡി തന്നെ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാലും പ്രിയങ്കയുടെ വിജയം സുനിശ്ചിതമാണ്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുക എന്നത് ശ്രകരമായ ജോലിയാണ്. കേന്ദ്രത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെങ്കിലും ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്ന വസ്തുത വിസ്മരിക്കാനാവില്ല. തൃശൂര്‍ അങ്ങ് എടുത്തുകൊണ്ട് കേരളത്തിലും അക്കൗണ്ട് തുറന്നതോടെ തമിഴ്‌നാട് മാത്രമാണ് താമരപ്പാര്‍ട്ടിക്ക് പിടി കൊടുക്കാത്ത സംസ്ഥാനം.
എന്നാല്‍ ‘പഴശിയുടെ കളികള്‍ കമ്പനി കാണാനിരിക്കുന്നതേയുള്ളു’ എന്ന മുന്നറിയിപ്പ് നല്‍കി ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് യുദ്ധ പ്രഖ്യാപനം നടത്തിയ പഴശി രാജയുടെ പോരാട്ട മണ്ണില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ ചെറുമകള്‍ മറ്റൊരു പോരാട്ടത്തിനൊരുങ്ങു മ്പോള്‍ അതിനെ പുതിയൊരു ചരിത്ര നിയോഗമായി കണക്കാക്കാം.