വര്‍ക്ക് വിസ റദ്ദാക്കൽ ഇനി 45 സെക്കന്റില്‍; പദ്ധതിയുടെ രണ്ടാം ഘട്ടവുമായി യുഎഇ


ദുബായ്: യുഎഇയില്‍ ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി അധികൃതര്‍. നിലവില്‍ മൂന്ന് മിനുട്ട് ആവശ്യമായി വരുന്ന വിസ കാന്‍സലേഷന് ഇനി ആകെ 45 സെക്കന്‍ഡ് മാത്രം മതിയാവും. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായാണ് ഈ നടപടി.

ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ നടപടിക്രമങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്ന തിന്റെ ഭാഗമായി എല്ലാ വിസ കാന്‍സലേഷന്‍ വിഭാഗങ്ങളും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയാണ് ഇത് സാധ്യമാക്കിയതെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. നേരത്തേ എംപ്ലോയ്‌മെന്റ് വിസ കാന്‍സല്‍ ചെയ്യുന്നതിന് ജീവനക്കാരന്റെ പാസ്‌പോര്‍ട്ടിന് പുറമെ, ഒിറിജിനല്‍ എമിറേറ്റ്‌സ് ഐഡി, തൊഴിലുടമ ഒപ്പ് വച്ച അപേക്ഷ, തൊഴില്‍ കരാറിന്റെ കോപ്പി തുടങ്ങിയ രേഖകള്‍ ആവശ്യമായിരുന്നു. എന്നാല്‍ നിലവില്‍ ഇവയുടെ ആവശ്യമില്ല. അപേക്ഷിച്ച ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി കാന്‍സലേഷന്‍ ലഭ്യമാവുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ബിസിനസ്സ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്നതിനായി നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഫെഡറല്‍ അധികാരികളും സംയോജിച്ചാണ് വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോം ആരംഭി ച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം കഴിഞ്ഞ മാര്‍ച്ചില്‍ ദുബായിലാണ് ആരംഭിച്ചത്. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും ലഭിക്കുന്നതിനുള്ള രേഖകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം യുഎഇയിലുടനീളം 30 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറച്ചിരുന്നു.

എട്ട് വര്‍ക്ക്, റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഒരു പ്ലാറ്റ്ഫോമിലേക്ക് ചുരുക്കിയിരിക്കുന്നു എന്നതാണ് വര്‍ക്ക് ബണ്ടിലിന്റെ സവിശേഷത. ഒരേ നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുകയും പുതിയ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ ഇത് ലളിതമാക്കുകയും ചെയ്യുന്നു. പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കല്‍, സ്റ്റാറ്റസ് ക്രമീകരണം, വിസയും തൊഴില്‍ കരാറും നല്‍കല്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി, മെഡിക്കല്‍ പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടും. തൊഴില്‍ കരാര്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി എന്നിവ പുതുക്കല്‍, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാര്‍, വര്‍ക്ക് പെര്‍മിറ്റ്, റെസിഡന്‍സി എന്നിവ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങളും കൂടുതല്‍ എളുപ്പമാവും.


Read Previous

ഹിജ്‌റ പുതുവത്സര ദിനത്തിൽ പുത്തൻ കിസ്​വ അണിഞ്ഞ് വിശുദ്ധ കഅബാലയം

Read Next

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »