വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി


ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്‍ഡ ജില്ലയിലെ വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളം കുടിക്കാനെത്തിയപ്പോള്‍ ടാങ്കില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണ് നിഗമനം. ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നന്തികൊൺഡ മുനിസിപ്പാലിറ്റിയിലെ നാ​ഗാർജുന സാ​ഗറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്കിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തുന്നത്. ടാങ്കിന്റെ മുകള്‍ ഭാഗം ചെറുതായി തുറന്ന നിലയിലുമായിരുന്നു. പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് മുനിസിപ്പാലിറ്റി ജീവനക്കാരെത്തി കുരങ്ങുകളുടെ ജഡം നീക്കുകയായിരുന്നു.

കുടിവെളളത്തില്‍ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയതിന്‍റെ ആശങ്കയിലാണ് സമീപവാസികള്‍. കുരങ്ങുകള്‍ ചത്ത ശേഷവും ടാങ്കിൽ നിന്ന് കുടിവെള്ളമെത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുനിസിപ്പല്‍ ഓഫീസര്‍മാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ജില്ലാ കളക്ടര്‍ ഡി. ഹരിചന്ദന നന്തികൊൺഡ ( Nandikonda) മുനിസിപ്പല്‍ കമ്മീഷണറോടും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടും കാരണം കാണിക്കല്‍ നോട്ടീസ് (Show casue notice) ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെ പറ്റി പഠിക്കാന്‍ അഡീഷണല്‍ കളക്ടര്‍ ടി. പൂര്‍ണചന്ദറിനെയും നിയോഗിച്ചിട്ടുണ്ട്. കുരങ്ങുകള്‍ ചത്ത ടാങ്കില്‍ നിന്ന് ഒന്‍പത് വീടുകളിലേക്ക് മാത്രമാണ് കുടിവെളളമെത്തിയതെന്ന് കളക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ അഡീഷണല്‍ കളക്ടര്‍ പറയുന്നു. മൂന്ന് വലിയ ടാങ്കുകളിൽ നിന്നാണ് കുടിവെള്ളം സമീപപ്രദേശങ്ങളിലേക്കെത്തുന്നത്. ഇതുവരെ ആരോ​ഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പോലീസും കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് കുരങ്ങുകളെ വന്യജീവി സംരക്ഷണനിയമഭേദഗതിയില്‍ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനം-വന്യജീവി മന്ത്രാലയം ഉത്തരവായത്. കൂടുതൽ വേട്ടയാടപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഷെഡ്യൂൾഡ് രണ്ടിലായിരുന്ന ഇവയെ ഒന്നിൽപ്പെടുത്തിയതെന്ന് വനംവകുപ്പ് പറയുന്നു.

നാടൻകുരങ്ങ് (മൊച്ചക്കുരങ്ങ്, വെള്ളക്കുരങ്ങ്), കീരി, മുള്ളൻപന്നി, കുറുക്കൻ, കാട്ടുപട്ടി, കേഴ, മ്ലാവ് തുടങ്ങിയ ജീവികളെല്ലാം ഈ പട്ടികയിൽപ്പെടും. ഇവയെ കൊല്ലുക, മുറിപ്പെടുത്തുക, വിഷംവെക്കുക, ഭയപ്പെടുത്തുക, കെണിവെക്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും ഒരു ലക്ഷംരൂപ വരെ പിഴയുമാണ് ശിക്ഷ. ഷെഡ്യൂൾഡ് ഒന്നിൽപ്പെട്ടതുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദവും പ്രോട്ടക്കോളും വേണമെന്നതാണ് പുതിയ നിയമഭേദഗതിയുടെ പ്രത്യേകത.


Read Previous

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രണയം; 80-കാരനെ വിവാഹം ചെയ്ത് 34-കാരി

Read Next

ആന്ധ്ര സീറ്റ് വിഭജനം; കോണ്‍ഗ്രസും സിപിഐയും തമ്മില്‍ ധാരണയായി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് ഒരു സീറ്റ് #INDIA Alliance Joins CPI In Andhra

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »