ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ ക്കാണ് വാട്‌സ് ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് മെറ്റയുടെ നടപടി.

50 കോടി ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്ക് വാട്‌സ് ആപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നത്. വിവിധ യൂസേഴ്‌സില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ്, വ്യാജ വാര്‍ത്ത, വിദ്വേഷ പ്രചാരണം തുടങ്ങിയവയ്ക്ക് വേണ്ടി ഉപയോഗിച്ച അക്കൗണ്ടുകള്‍ എന്നിവയ്‌ക്കെതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
അതേസമയം ഉപയോക്താക്കളില്‍ നിന്നും പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ 19,54,000 അക്കൗണ്ടുകള്‍ ബാന്‍ ചെയ്തിരുന്നതായി മെറ്റ വ്യക്തമാക്കി. നവംബറില്‍ 8,841 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചെങ്കിലും അതില്‍ ആറ് എണ്ണത്തിന് എതിരെ മാത്രമാണ് മെറ്റ നടപടി സ്വീകരിച്ചത്. വാട്‌സ് ആപ്പിന്റെ പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.