മണിപ്പൂര്‍ വീണ്ടും അശാന്തം: സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മെയ്‌തേയികളുടെ പരേഡ്


ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നാല് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്‌തേയികളുടെ പരേഡ്. മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തില്‍ ഒരു സംഘം അക്രമികള്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മെയ്‌തേയി വിഭാഗത്തിലെ തീവ്ര പക്ഷമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴ് വരയില്‍ ഇന്ന് രാവിലെയാണ് പരേഡ് നടന്നത്. അത്യാധുനിക ആയുധങ്ങള്‍ ഇവരുടെ പക്കല്‍ എങ്ങനെ എത്തിയെന്നതില്‍ വ്യക്തതയില്ല. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമമുണ്ടായത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെ ത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ് വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


Read Previous

രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

Read Next

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സമ്മേളനം ഒരു മണിക്കൂര്‍ നേരത്തെ, നഗരത്തില്‍ രാവിലെ 11 മുതല്‍ ഗതാഗത നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular