മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ


കൊച്ചി: ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതിന് വാര്‍ത്തകളില്‍ നിറഞ്ഞ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലോട്ടറി കുംഭകോണത്തിന്റെ കേന്ദ്ര ബിന്ദു. സിബിഐയുടെ കുറ്റപത്ര പ്രകാരം മൂന്നു വര്‍ഷം കൊണ്ട് 4500 കോടി രൂപയാണ് കേരളത്തില്‍നിന്നു മാര്‍ട്ടിന്‍ കൈക്കലാക്കിയത്. ഇത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നു പക്ഷേ മാര്‍ട്ടിന്റെ പണം ഇലക്ടറല്‍ ബോണ്ടു വഴി വാങ്ങിയവരുടെ പട്ടികയില്‍ സിപിഎം ഇല്ല.

2014ല്‍ സിബിഐ നല്‍കിയ കുറ്റപത്ര പ്രകാരം, 2008 മുതല്‍ 2010വരെയുള്ള കാലയ ളവില്‍ 4752 കോടിയുടെ സിക്കിം ലോട്ടറിയാണ് മാര്‍ട്ടിന്റെ കമ്പനി കേരളത്തില്‍ വിറ്റത്. ഇതില്‍ സിക്കിം സര്‍ക്കാരില്‍ അടച്ച തുകയാവട്ടെ 142.93 കോടി മാത്രം. അതായത് മൂന്നു വര്‍ഷ കാലയളവില്‍ 4500 കോടി രൂപ മാര്‍ട്ടിന്റെ സ്വന്തം പോക്കറ്റിലാക്കി.

സിക്കിം ലോട്ടറിയുടെ വിജയികളായ 202 പേരില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ളവരെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ലോട്ടറിയടിച്ച 152 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 14 പേര്‍ പശ്ചിമ ബംഗാളില്‍നിന്നും 13 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ്. കര്‍ണാടാകയില്‍നിന്നുള്ള ഒന്‍പതു പേര്‍ക്കും ഗുജറാത്തില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള മൂന്നു പേര്‍ക്കു വീതവും ഒഡിഷ യില്‍നിന്നും ആന്ധ്രയില്‍നിന്നുമുള്ള രണ്ടു പേര്‍ക്കു വീതവും സമ്മാനമടിച്ചു. ഇതില്‍ 199 പേരും കേരളത്തില്‍ നിന്നു ലോട്ടറി എടുത്തിട്ടേയില്ല.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 72 പേര്‍ക്കു ലോട്ടറി സമ്മാനത്തുക നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ ജീവനക്കാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചതായും സിബിഐ പറയുന്നു.

കെവന്റര്‍ ഗ്രൂപ്പിന്റെ നാല് അനുബന്ധ കമ്പനികള്‍ 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ കമ്പനി ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുധീര്‍ മേത്തയുടെ ടൊറന്റ് ഗ്രൂപ്പ് 185 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മോദിയുമായി പരിചയമുള്ള വ്യവസായിയാണ് സുധീര്‍ മേത്തയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധന മന്ത്രാലയം ഹൈ റിസ്‌ക് കാറ്റഗറില്‍ പെടുത്തിയ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്


Read Previous

‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍

Read Next

ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »