ദില്ലി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി ഇന്ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും ഖത്തറിലേക്ക് പോകും. ബുധനാഴ്ച യുഎഇ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അബുദാബിയിൽ നിന്നും ഖത്തറിലേക്ക് പോകുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത അറിയിച്ചത്.

8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നതെന്നും. ഇന്ത്യ – ഖത്തർ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനാണ് മോദിയുടെ സന്ദർശനമെന്ന് ക്വത പറഞ്ഞു. ചാരവൃത്തി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ മോചിപ്പിച്ച ദിവസമാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശന പ്രഖ്യാപനം പുറത്തു വന്നത്.
2023 ഒക്ടോബറിലാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജയിൽ മോചിതരായ ഇവരിൽ ഏഴുപേർ തിങ്കളാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങി. എട്ടാമൻ ഉടൻ ഇന്ന് യാത്ര തിരിക്കും. ഖത്തറിൽ അറസ്റ്റിലായ ഇന്ത്യക്കാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.