ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അയച്ച കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞുപോയെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി. കത്തും അതിലൂടെ നല്‍കിയ ചില നിര്‍ദേശങ്ങളും വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. കെജരിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ വെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഇ ഡി കസ്റ്റഡിയിലായിരിക്കെയാണ് കെജരിവാള്‍ ഉത്തരവ് നല്‍കിയത്. വകുപ്പ് മന്ത്രി കൂടിയായ അതിഷിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം കത്തിലൂടെ കൈമാറുകയായിരുന്നു. തടവില്‍ കഴിയുന്ന സമയത്തും ഡല്‍ഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാല്‍ പ്രശ്‌നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അരവിന്ദ് കെജരിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ. ഡല്‍ഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നത്. ബിജെപിയോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് കെജരി വാളിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അദ്ദേഹം ജനങ്ങളോട് കാണിക്കുന്ന കടമയും സ്‌നേഹവും ഒന്നും തടങ്കലിലാക്കാനാവില്ല. അദ്ദേഹം ജയിലിലാണെങ്കിലും ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും അതിഷി പറഞ്ഞു.
മുഖ്യമന്ത്രി അയച്ച കത്തിലെ വാചകങ്ങളും അവര്‍ പങ്കുവച്ചു. ‘ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ജലക്ഷാമവും അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടെന്ന് അറിഞ്ഞു. അതില്‍ ഞാന്‍ ആശങ്കാകുലനാണ്. ഞാന്‍ ജയിലിലാണെന്ന് കരുതി ആളുകള്‍ പ്രശ്‌നം അനുഭവിക്കരുത്. വേനലാണ്, ജലക്ഷാമം നേരിടുന്നവര്‍ക്ക് ടാങ്കര്‍ സൗകര്യം ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറിക്കും മറ്റു ഉദ്യോസ്ഥര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണം. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അവരുടെ പ്രശ്‌നത്തിന് വളരെ വേഗത്തില്‍ പരിഹാരമുണ്ടാകണം. ആവശ്യമെങ്കില്‍ ഗവര്‍ണറുടെ സഹായം തേടിക്കൊള്ളൂ, അദ്ദേഹം നിശ്ചയമായും സഹായിക്കും.’ ഇങ്ങനെയാണ് കെജരിവാള്‍ കത്തില്‍ പറയുന്നത്.