ഒത്തുകൂടാനും കഥപറയാനും അവര്‍ ഇല്ലാത്ത വിഷു.


ഒത്തുകൂടലുകളാണ് ഏതുത്സവത്തിന്റെയും ആത്മാവ്. മലകളും കടലും താണ്ടി ഇര തേടിപ്പോയ ഭര്‍ത്താവും മക്കളും സുഹൃത്തും ബന്ധുക്കളുമൊക്കെ നാടിന്റെയും വീടിന്റെയും സാന്ത്വനത്തി ലേയ്ക്ക് മടങ്ങിവരുന്നതുകൂടിയാണ് മലയാളിയുടെ ഉത്സവങ്ങള്‍. ജീവിതത്തിന്റെ അറുതി ഇല്ലാത്ത ഉഷ്ണസഞ്ചാരങ്ങളില്‍ ഉത്സവങ്ങള്‍ സമാശ്വാസത്തിന്റെ ഇളവിടങ്ങളാണ്. ഓണവും വിഷുവും വേലയും പൂരവും പ്രസക്തമാകുന്നതവിടെയാണ്.

കാര്‍ഷിക നാഗരികതയില്‍ നിന്നും വ്യവസായനാഗരികതയിലേക്കുള്ള മാനവസമൂഹത്തിന്റെ പരിവര്‍ത്തനം അവനെ ജനിച്ചമണ്ണില്‍ നിന്നും അവന്റെ ജൈവബന്ധങ്ങളില്‍ നിന്നും അകറ്റി. കൃഷിയും വിളവെടുപ്പും ഓര്‍മ്മകളിലെ ശ്രാദ്ധദിനങ്ങളായി മാറിയതപ്പോഴാണ്.

പ്രകൃതിയുടെ ഭാഗമായിരുന്ന മനുഷ്യന്‍ പ്രകൃതിയോട് യുദ്ധം ചെയ്തു തുടങ്ങിയതോടെ കാലവും കാലാവസ്ഥയും പ്രവചനാതീതമായിക്കഴിഞ്ഞു. കനലാടി കാവുതീണ്ടി മീനം പടിയിറങ്ങുമ്പോള്‍ കനകകാന്തിയുടെ പീതാംബരംചൂടി കണിക്കൊന്നകള്‍ മേടത്തിന് വഴിയൊരുക്കിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് എന്നോ പൂത്ത് കൊഴിയുന്ന കണിക്കൊന്നകള്‍ കാലക്കേടിന്റെ കണിക്കാഴ്ച്ചകള്‍പോലെ എല്ലിച്ച് നില്‍ക്കുകയാണ്.

ആസുരവാഴ്‌വിന്റെ രാവണന്‍കോട്ടകളില്‍നിന്നും തുറന്നുവിട്ട സൂഷ്മകീടങ്ങള്‍ മനുഷ്യകോശങ്ങ ളില്‍ മഹാമാരിയായി പടര്‍ന്നു പിടിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒത്തുകൂടലുകളുടെ പൊതുവിടങ്ങള്‍ വിട്ടെറിഞ്ഞ് പ്രാണഭയത്തിന്റെ മുഖാവരണങ്ങളില്‍ മനുഷ്യനൊളിച്ചിട്ട് വര്‍ഷമൊന്നു കഴിഞ്ഞിരിക്കുന്നു. പൂരത്തിനും പടയണിക്കും വേലക്കും വിളവെടുപ്പിനുപോലും അവധികൊടുത്ത് അടച്ചിരിക്കുന്നവന്റെ മുന്നിലേക്കാണ് പ്രതീക്ഷയുടെ കണിക്കാഴ്ചകളും കൈ നീട്ടവുമായി വിഷു വീണ്ടും വരുന്നത്.

അപ്പോഴും സ്‌നേഹത്തിന്റെ കണിക്കാഴ്ചകളുമായി പടികടന്നെത്തിയിരുന്ന ചിലരെങ്കിലും ഇനി വരില്ലെന്ന തിരിച്ചറിവ് നൊമ്പരക്കനലായി നീറിനില്‍ക്കുന്നു. മാരക വ്യാധിയുടെ പിടിയില്‍പെട്ട് ജീവിതത്തില്‍ നിന്നുതന്നെ പടിയിറങ്ങിപ്പോയവരുടെ ഓര്‍മ്മദിനം കൂടിയാകുന്നു ഈ വിഷു. മലയാള കാവ്യലോകത്തെ വിഷുപ്പക്ഷികള്‍ പലരും പാട്ട് നിര്‍ത്തി കൂട്‌വിട്ട് പറന്നു മറഞ്ഞ സങ്കട വിഷുകൂടി യാണിത്. അക്കിത്തവും സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും അനില്‍പനച്ചു രാനും വരെ ഇങ്ങിനിവരാതെ പടിയിറങ്ങിപ്പിരിഞ്ഞു പോയശേഷം വരുന്ന വിഷു ഒരു പിടി കണ്ണീരോര്‍മ്മകളുടെ കാണിക്കയാണ് കരുതിവയ്ക്കുന്നത്. അവരില്‍ ചിലരെയെങ്കിലും കോവിഡെന്ന പകര്‍ച്ചവ്യാധിതന്നെയാണ് അപഹരിച്ചുകൊണ്ടുപോയത്. കണ്ണനെയും കണിക്കൊന്നയേയും കുറിച്ച് ഏറെപ്പാടിയ സുഗതകുമാരി ടീച്ചര്‍ ഇല്ലാത്ത ആദ്യവിഷു നേര്‍ത്ത നൊമ്പരമാണ് മലയാളിയിലുണര്‍ ത്തുന്നത്.

‘അന്നു ഞാന്‍ വിലങ്ങനില്‍ നട്ടുപോന്നൊരാക്കണി കൊന്നത്തൈ അവിടുണ്ടോ കിളിച്ചോ കരിഞ്ഞുവോ’ – എന്ന് വ്യാകുലപ്പെടാന്‍ ഇനി ടീച്ചറില്ലെന്ന് നാം തിരിച്ചറിയുന്നു. കണിയോര്‍മ്മയിലെ ഒരു പീലിത്തണ്ടായി ടീച്ചര്‍ എങ്ങോമറഞ്ഞു ചിരിച്ചുനില്‍പ്പാണ്.

അക്കിത്തത്തിന്റെ ഓര്‍മ്മകള്‍ തിങ്ങി നില്‍ക്കുന്ന വിഷുവാണ് വന്നു ചേരുന്നത്. മനുഷ്യജന്മത്തിന്റെ ക്ഷണികത പലയാവര്‍ത്തി പാടി ഉറപ്പിച്ച കവിയുടെ വാക്കുകളില്‍ തന്നെ കണിക്കൗതുകങ്ങള്‍ക്ക് അപ്പുറത്ത് പതിയിരിക്കുന്ന മൃതിയുടെ സൂചനകള്‍ വരുന്നുണ്ട്.

മലയാളകാവ്യ ശ്രീകോവിലിലെ പുറപ്പെടാശാന്തിയായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയും ജീവന്റെ തിരിതാഴ്ത്തി ശ്രീലകം പൂട്ടി നടന്നു മറഞ്ഞുകഴിഞ്ഞു. എങ്കിലും അവരെഴുതിയ അക്ഷര ചിത്രങ്ങളില്‍ കണിക്കൊന്നകള്‍ നിത്യവസന്തമായി ചിരിച്ചുനില്‍പ്പാണ്. പീലി ചൂടിയ മേഘമൊന്ന് പാളി നോക്കുന്നമാനത്ത് വിഷു വീണ്ടും വരവറിയിച്ചുകഴിഞ്ഞു. കഷ്ടസങ്കടങ്ങള്‍ക്കപ്പുറത്ത് നമുക്കായി കാലം കണി ഒരുക്കി കാത്തിരിക്കുന്നെന്ന് കവി വീണ്ടും നമ്മോട് പറയുന്നു…

എല്ലാ പ്രേഷകര്‍ക്കും മലയാളമിത്രം ഓണ്‍ലൈന്‍ വിഷുദിനാശംസകള്‍.


Read Previous

അമ്പലപ്പുഴ പാരമ്പര്യം പേറുന്ന “വേലകളി”

Read Next

റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular