മലയാളികളുടെ ഇഷ്ട നടിയാണ് മംമ്ത മോഹൻദാസ്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന് ക്യാൻസർ പിടിപ്പെട്ടത്. എന്നാൽ അതിനെ പോരാടി തോൽപ്പിച്ച് സിനിമാ ലോകത്തേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത. ലോക ക്യാൻസർ ദിനത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണ വാർത്തയ്ക്കെതി രെയുള്ള വിമർശനം കൂടിയായാണ് താരത്തിന്റെ പോസ്റ്റ്.

‘കുറച്ചു പേർക്ക് ഇത് യഥാർത്ഥത്തിലുള്ള പോരാട്ടമാണ്. മറ്റു ചിലർക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആയുധവും. കാൻസർ തമാശയല്ല. ഇത് ബാധിച്ചവർ സ്വയം നിങ്ങളെ നോക്കണം, ശ്രദ്ധിക്കണം. ആദ്യം നിങ്ങൾക്ക് പരിഗണന നൽകാൻ ശ്രമിക്കുക. കാൻസറിന് നിങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. എന്നാൽ അതിനെ നിങ്ങൾക്ക് പോരാടി തോൽപ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി ജീവൻ വെടിഞ്ഞ വരെയും ഈ ദിവസത്തിൽ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു’- മംമ്ത കുറിച്ചു.
അതേസമയം പൂനം പാണ്ഡെ തന്റെ മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധ പ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്നും നടിക്കെതിരെ വിമർശനം ശക്തമാകുകയാണ്. സെർവിക്കൽ കാൻസറിനാൽ മരിച്ചുവെന്ന് ഔദ്യോഗിക അക്കൌണ്ടുകൾ വഴി അറിയിച്ച് നാടിനെ ഞെട്ടിച്ച നടി പിന്നീട് താൻ മരിച്ചില്ലെന്നും ഇത് കാൻസറിനെതിരായ ബോധവത്കരണമാണ് എന്നും പറഞ്ഞാണ് തിരിച്ചുവന്നത്.