മാറിയ ചെറുകഥാ സങ്കല്പത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചില്ലയുടെ കഥാകേളി വായന


റിയാദ് : മലയാളത്തിൽ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആറ് വ്യത്യസ്ത ചെറുകഥകളുടെ വായനാനുഭവവും സംവാദവുമാണ് ചില്ലയുടെ ജൂൺ മാസവായ നയിൽ നടന്നത്. കഥാകേളി എന്ന ശീർഷകത്തിൽ റിയാദ് ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അവതരിപ്പിച്ച കഥകളെല്ലാം മാറിയ ചെറുകഥാ സങ്കല്പത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന രചനകളായിരുന്നു. നമ്മുടെ രാഷ്ട്രീയ-സാമൂഹ്യപരിസരത്തുണ്ടാകുന്ന മാറ്റങ്ങൾ കഥകളിൽ അതിശക്തമായി പ്രതിഫലിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ രചനയും.

ജിസ ജോസിന്റെ ‘പാതാളത്തിന്റെ കവാടങ്ങൾ എന്ന കഥയുടെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് വിദ്യ വിപിൻ അവതരണങ്ങൾക്ക് തുടക്കം കുറിച്ചു. മരിച്ചവരുടെ ശരീരങ്ങൾക്ക് വേദനയറിയില്ല എന്ന വിശ്വാസത്തിൽ, വക്രിച്ചുപോയ കൈകാലു കളുള്ള മകന്റെ മൃതദേഹം ശവപ്പെട്ടിയിൽ നേരെ കിടത്തിയ അമ്മയുടെ ജീവിതമാണ് കഥയിൽ നിറഞ്ഞുനിന്നത്. കുടുംബത്തിലെ അസ്വാഭാവികതകളെ സ്വാഭാവിക മാക്കാൻ ത്യാഗം സഹിക്കേണ്ടത് സ്ത്രീ മാത്രമാണെന്ന വിമർശനവും കഥയിൽ എഴുത്തുകാരി നടത്തുന്നെണ്ടെന്ന് വിദ്യ വിശദീകരിച്ചു. തുടർന്ന് സീബ കൂവോട് അവതരിപ്പിച്ച ഇ സന്തോഷ് കുമാറിന്റെ ‘പണയം’ എന്ന കഥയായിരുന്നു. ഒരു റേഡിയോയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന ആർത്തിപൂണ്ട ഹൃദയമില്ലായ്മയെ വിചാരണ ചെയ്യുന്ന കഥ കഥാകൃത്തിന്റെ എഴുത്തുകളിൽ ഉടനീളം കാണുന്ന മാനവികതയുടെ ആവർത്തിച്ചുള്ള വിളംബരം കൂടിയാണെന്ന് സീബ പറഞ്ഞു.

കെ ആർ മീരയുടെ ‘ഗില്ലറ്റിൻ’ എന്ന കഥയുടെ വായനാനുഭവം പങ്കുവെച്ച ഷഹീബ വി കെ ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥയിൽ എങ്ങനെയാണ് സ്ത്രീയുടെ പോരാട്ടവീര്യം മരണത്തിൽ പോലും തുടിച്ചുനിൽക്കുന്നതെന്ന് അടിവരയിട്ടുകൊണ്ടാണ് കഥയെ ചർച്ചയാക്കിയത്. കഥയെ വർത്തമാനകാല രാഷ്ട്രീയ അധികാര ഘടനയുമായി കഥാകാരി ബന്ധിപ്പിക്കുന്ന വിധവും ഷഹീബ വിവരിച്ചു.

ധനേഷ് എം മുകുന്ദൻ അവതരിപ്പിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ ഇതിനകം മലയാളത്തിൽ ഏറെ ചർച്ചയായതാണ്. പട്ടിണി ഒരു യാഥാർ ത്ഥ്യമായിരിക്കുമ്പോഴും എങ്ങനെയാണ് ആഹാരം ആഢംബരമായും ധൂർത്തായും മാറുന്നതെന്ന ദുഃഖസത്യം വരച്ചിടുകയാണ് കഥാകൃത്ത്. സ്വാനുഭവങ്ങളുടെ കയ്പും കൂട്ടി ചേർത്താണ് ധനേഷ് അവതരണം നടത്തിയത്.

എം ഫൈസൽ അവതരിപ്പിച്ചത് മനോജ് വെങ്ങോലയുടെ ‘ഇരുമ്പൻ പുളി’ എന്ന കഥയാണ്. ഇരുമ്പൻ പുളി, അതിൽ പാർക്കുന്ന പ്രാണികൾ എന്നിവയെ മുൻനിർത്തി കഥാകൃത്ത് മലയാളിയിൽ ആഴത്തിൽ വേരോടിയ ജാതീയതയെ വിമർശനവിധേയ മാക്കുകയാണ്. കൊന്നുതിന്നും, തീതിന്നും തീരും സകലതും എങ്കിലും പുതിയവ വരും എന്ന വാക്യത്തിലൂടെ മനുഷ്യചരിത്രം എപ്പോഴും ഭൂതകാലത്തിൽ നിന്നുള്ള മോചന മാണെന്ന് കഥാകൃത്ത് ഓർമ്മിപ്പിക്കുന്നതായി ഫൈസൽ അഭിപ്രായപ്പെട്ടു.

അവ്യാഖ്യേയമായ മനുഷ്യബന്ധത്തെ അതിമനോഹര മായി അവതരിപ്പിച്ച കഥയാണ് എസ് ആർ ലാലിന്റെ ‘കൊള്ളിമീനാട്ടം’ എന്ന വായനാനുഭവം അവതരിപ്പിച്ച ബഷീർ കാഞ്ഞിരപ്പുഴ പറഞ്ഞു. അമ്മൂമ, അമ്മ, വളർത്തമ്മ എന്നീ ബന്ധങ്ങളിലൂടെ വൈകാരികതയുടെ ആഴം അളക്കുന്ന കഥ മികച്ചവായനാനുഭവം നൽകുന്നതായി ബഷീർ അവകാശപ്പെട്ടു.

തുടർന്നു നടന്ന ചർച്ചയ്ക്ക് ജോമോൻ സ്റ്റീഫൻ തുടക്കമിട്ടു. ബീന, സെബിൻ ഇഖ്ബാൽ, ശിഹാബ് കുഞ്ചീസ്, അബ്ദുൽ നാസർ, റസൂൽ സലാം എന്നിവർ സംവാദത്തിൽ പങ്കെടു ത്തു. മുനീർ വട്ടേക്കാട്ടുകര വായനകളെ അവലോകനം ചെയ്തു. എം ഫൈസൽ പരിപാടി യുടെ മോഡറേറ്ററായിരുന്നു.


Read Previous

എസ്എസ്എൽസി, പ്ലസ്‌ടു വിജയികളെ പിപിഎആർ അനുമോദിച്ചു.

Read Next

ഓം ബിര്‍ല സഭാനാഥന്‍; സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular