ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ജീവിച്ചിരിക്കുമ്പോള്‍ നാം ഉപയോഗപെടുത്താത്ത കഴിവ് തുരുമ്പെടുത്ത് പോകുന്നതാണ്.


നമുക്ക് ഓരോരുത്തര്‍ക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗര്‍ബല്യങ്ങളുമുണ്ട്. ചിലര്‍ തങ്ങള്‍ക്കു ലഭിക്കാതെപോയ കഴിവുകളെ ഓര്‍ത്ത് നിരാശയില്‍ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകള്‍കൂടി തുരുമ്പെടുത്ത് പോകുന്നു. അവര്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു.

വിവാഹം നടക്കുന്ന ഒരു വീട്ടില്‍ നൂറുപേര്‍ക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട് എന്നു കരുതുക. ആ വീട്ടില്‍ സദ്യ നടക്കുന്നതുകണ്ട് ഒരു ഭിക്ഷക്കാരന്‍ വന്ന് ”വിശക്കുന്നു എന്തെങ്കിലും തരണമേ” എന്നു പറഞ്ഞു യാചിച്ചിട്ടും അയാള്‍ക്ക് ഒരുപിടി ചോറുപോലും നല്‍കാതെ, പിറ്റേദിവസം ആ ഭക്ഷണം മുഴുവന്‍ പാഴാക്കിക്കളയുന്നതുപോലെയാണ് നമ്മളിലുള്ള കഴിവ് പ്രകടിപ്പിക്കാതെയും പ്രയോജനപ്പെടുത്താതെയും ഇരിക്കുന്നത്.

ഈശ്വരന്‍ തന്നിരിക്കുന്ന കഴിവ് നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള സമ്പത്താണ്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്നതാണ്.

സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടുമിക്ക ആളുകളും സ്വന്തം കഴിവുകളെക്കുറിച്ച് വേണ്ടത്ര ബോധവാന്മരല്ല. അതുകാരണം പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ പതറിപ്പോകുന്നു. എന്നാല്‍, ധൈര്യം കൈവിടാതെ വിവേകപൂര്‍വം പ്രയത്‌നിച്ചാല്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാന്‍ കഴിയും. അതിനുള്ള കഴിവ് നമ്മളില്‍ ഓരോരുത്തരിലുമുണ്ട്.

പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പൊതുവേ സാമ്പത്തികമായി ഭര്‍ത്താക്കന്മാരെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇന്നും പല കുടുംബങ്ങളിലും നല്ല വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍പോലും വീട്ടുകാര്യങ്ങള്‍ നോക്കി മറ്റു ജോലിക്കൊന്നും പോകാതെ കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു കുടുംബത്തിലെ കുടുംബനാഥന്‍ മരിച്ചുപോയി. അതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. ഭര്‍ത്താവ് ജീവിച്ചിരുന്ന സമയത്ത് ഭാര്യ അധികമൊന്നും പുറത്തുപോകുകയോ, ആരോടും ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. എങ്കിലും ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ഒരു ജോലി കണ്ടെത്തി. കഠിനമായി പ്രയത്‌നിച്ച് പണം സമ്പാദിച്ച് തന്റെ മക്കളെ വളര്‍ത്തി. കുടുംബംനോക്കാന്‍ മറ്റാരുമില്ല എന്ന തിരിച്ചറിവുണ്ടായപ്പോള്‍ തന്റെയുള്ളില്‍ ശക്തി കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആ സ്ത്രീക്കു സാധിച്ചു. അതുപോലെ എല്ലാവരുടെയും ഉള്ളില്‍ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നു മാത്രം.

നമുക്ക് എന്തൊക്കെ കഴിവുകള്‍ ഇല്ല എന്നല്ല, ഉള്ള കഴിവുകള്‍ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ബുദ്ധിയും കഴിവുകളും വളര്‍ത്തിയെടുത്താല്‍ ക്രമേണ നമ്മുടെ ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കാനും നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂര്‍വം അതിജീവിക്കാനും നമുക്ക് സാധിക്കും. ഓരോ വിജയവും ഓരോ പരാജയവും നമ്മുടെ ഉള്ളിലെ ശക്തി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.


Read Previous

പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)

Read Next

2021 സംഖ്യാ ജ്യോതിഷ പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »