പതിയോട് ചിലത് (കവിത: മഞ്ജുള ശിവദാസ്)


അഴലിരുള്‍ തുരക്കാന്‍ പ്രകാശമായ്
നീയെന്റെയരികത്തുതന്നെ നില്‍ക്കേണം.
അകമുറിവുണക്കുന്നൊരൗഷധം
പോലെന്റെയകതാരിലൊട്ടി നില്‍ക്കേണം.

പ്രകീര്‍ത്തിച്ചു ഗീതികള്‍ പാടിയില്ലെ
ങ്കിലും, അറിയേണമെന്നിലെസ്‌നേഹം.
അകലമറിയാത്തൊരീ ജന്മയാത്ര
ക്കന്ത്യനിമിഷംവരെ കൂടെവേണം.

എന്നിലുരുവാകുന്ന മൗനത്തിനര്‍ത്ഥം
ഗ്രഹിക്കുവാനറിയുന്നവന്‍ നീ.
അരികത്തണഞ്ഞില്ലയെങ്കിലെന്തെ
പ്പൊഴും അകതാരിലുണ്ട് നീമാത്രം.

അകലങ്ങള്‍ഭേദിച്ചനുസ്യൂതമെന്നിലേ
ക്കൊഴുകിയെത്തുന്നനിന്‍സ്‌നേഹം,
ഈ സ്‌നേഹതീരത്തിനപ്പുറത്തൊരു
ലോകമറിയുവാനില്ലാശതെല്ലും.

സ്വാര്‍ത്ഥസ്‌നേഹത്താല്‍ തളച്ചില്ല നീ
യെന്റെ ബന്ധിച്ച ചിറകുകളഴിച്ചുവിട്ടു.
വിശ്വാസദൃഢതയാലേകിടും സ്വാതന്ത്ര്യ
മൊരുപോറലേല്‍ക്കാതെ കാത്തിടാംഞാന്‍.

പകരമായ് നല്‍കുവാനില്ലെന്നിലീ
പതിരില്ലാ സ്‌നേഹമല്ലാതെയൊന്നും.
പതിവുപോലതു മാത്രമേകിടാമെന്നിലെ
പകലസ്തമിച്ചിടും നാള്‍വരേയ്ക്കും


Read Previous

തീയും ചാരവും വമിപ്പിച്ച് ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം. ജാഗ്രതനിര്‍ദേശം നല്‍കി അതികൃതര്‍.

Read Next

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല, ജീവിച്ചിരിക്കുമ്പോള്‍ നാം ഉപയോഗപെടുത്താത്ത കഴിവ് തുരുമ്പെടുത്ത് പോകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular