ഒറ്റയ്ക്കാവുന്നു….
ഭ്രാന്തമായ തോന്നലുകളിൽ
അത്രമേൽ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ,
കവിതയോട് കോർത്ത വാക്കുകളെ,
മരണം തൊട്ടു വിളിക്കുന്നു,
നീ ജനിക്കേണ്ടിയിരുന്നില്ല…
നിനക്ക് സ്വപ്നം കാണാനറിയില്ല.
രാത്രിമഴയുടെ ഉന്മാദ കേളികൾ,
നിൻ്റെ കവിതകളെ മത്തുപിടിപ്പിക്കുന്നില്ല.
നിറം ചോർന്നു പോയ അക്ഷരങ്ങളിൽ
വിഷാദം തളം കെട്ടി നിൽക്കുന്നു.
ആരോ വീണ്ടും….
കവിത എഴുതുവാൻ നിനക്കറിയില്ല,
കാഴ്ചകളെല്ലാം അദൃശ്യതകളിൽ പതുങ്ങി നിൽക്കുന്നു,
വർത്തമാനങ്ങളിൽ മൗനം കനക്കുന്നു,
നീ ജനിക്കുന്നതിനും മുൻപേ,
നിൻ്റെ കവിത മരിച്ചു പോയിരിക്കുന്നു.
വീണ്ടും ഒറ്റയ്ക്കാവുന്നു….
ഞാൻ ജനിക്കേണ്ടിയിരുന്നില്ല,
നിശ്ശബ്ദതയുടെ തുരങ്കത്തിൽ,
കവിതയുടെ മരവിച്ച വിരൽത്തുമ്പിൽ തൊട്ട്,
നിന്നിടത്തു തന്നെ നിൽക്കുകയാണു ഞാൻ.
ഇതെല്ലാം സൗമ്യമായ തോന്നലുകളാണ്,
ആരോ എന്നെ ചേർത്തണക്കുന്നു,
ചുണ്ടുകൾ ചുണ്ടുകളാൽ കോർത്തെടുക്കുന്നു,
ഒരാൾ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു,
കാതുകളിൽ കിന്നാരം പറയുന്നു,
നീയാണെൻ്റെ കവിത നീ തന്നെയാണ് കവിത,
എൻ്റെ ഓരോ അണുവിലും കവിത പടരുന്നു,
ഞാനന്ന് ആകാശം തൊടുന്നതായി സ്വപ്നം കണ്ടു.
കവയിത്രി, സാഹിത്യ നിരൂപക എന്നീ നിലകളില്‍ പ്രശസ്ത ജ്യോതിരാജ് തെക്കൂട്ട്.
തൃശൂർ ജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് ജനനം. തൃശൂർ സി.എം.എസ് സ്കൂളിൽ നേഴ്സറി ടീച്ചർ, കേരള വാർത്ത ദിനപത്രത്തിൽ അസി: മാനേജർ, നീർമാതളം എഡിറ്ററുമായിരുന്നു. സർഗ്ഗരുചി ‘ എന്ന പേരിൽ സാഹിത്യ കൃതികളുടെ നിരൂപണം ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു ‘പാഴ്ക്കിനാവ്, പെൺ ഭ്രൂണങ്ങൾ പൂക്കുമ്പോൾ’ എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു. ‘പെൺഭ്രൂണങ്ങൾ പൂക്കുമ്പോൾ’ എന്ന പുസ്തകത്തിന് കേരളീയം കെ.എസ്.കെ തളിക്കുളം അവാർഡും ,സർഗ്ഗസ്വരം അവാർഡും ലഭിച്ചു .കവിതകൾക്ക് തിരുനെല്ലൂർ അവാർഡ്, സൗഹൃദം കാവ്യപുരസ്കാരം… തുടങ്ങി നിരവധി പുരസ്കാരങ്ങളും, ആദരവുകളും ലഭിച്ചിട്ടുണ്ട്.
വരും നാളുകളില്‍ മാന്യ വായനക്കാര്‍ക്കായി മലയാളമിത്രം ഓണ്‍ലൈനില്‍ കവിതയും സാഹിത്യനിരൂപണവും പങ്കുവെക്കുന്നു.