
ശ്രീനഗര്‍: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഡി.പി.എ.പി (ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടി) ചെയര്‍മാനുമായ ഗുലാം നബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതലായുള്ള ഇടങ്ങളില്‍ രാഹുല്‍ അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിലെ ഉധംപുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാര്‍ത്ഥി ജി.എം സരൂരിക്ക് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം.
ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടമാണ് രാഹുല്‍ ഗാന്ധി നടത്തുന്നെന്നാണ് വാദം. എന്നാല്‍, ഇതിന് വിപരീതമായാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ വിമുഖത കാണിക്കുന്നതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതലായുള്ള ഇടങ്ങളില്‍ രാഹുല്‍ അഭയം പ്രാപിക്കുകയാണെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം പരോക്ഷമായി സൂചിപ്പിച്ച് ആസാദ് പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടണം എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിബദ്ധത മറന്നുകൊണ്ട് കേരളം പോലുള്ള വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് രാഹുല്‍ മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ കോംണ്‍ഫെറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയും രാഷ്ടിയക്കാരല്ലെന്നും ഇരുവരും രാജ്യത്തിനായി സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്നും ആസാദ് പറഞ്ഞു. ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയും ജീവിതത്തില്‍ ഒന്നും ത്യജിച്ചിട്ടില്ല. ഇരുവരും ഷെയ്ഖ് അബ്ദുള്ളയുടെയും ഇന്ദിര ഗാന്ധിയുടെയും പാരമ്പര്യംകൊണ്ടു മാത്രം ജീവിക്കുന്നവരാണെന്നും ആസാദ് പറഞ്ഞു.
ജമ്മു കശ്മീരിലെ അനന്ദ്‌നാഗ്-രജൗരി മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാര്‍ഥിയായി നാമനിർദേശപ്പത്രിക സമര്‍പ്പിച്ചെങ്കിലും പിന്നീട് ഗുലാം നബി ആസാദ് മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആസാദിന് പകരം മൊഹമ്മത് സലീം പരാരെയായിരിക്കും ഡി.പി.എ.പി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുക.